തിരുവനന്തപുരം: മന്തി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി എൻഎസ്എസ്. ഖേദവും പശ്ചാത്താപവും കൊണ്ട് പ്രശ്‌നം തീരില്ലെന്ന് എൻഎസ്എസ് വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി. ശബരിമല കേസിൽ സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറുണ്ടോയെന്നും എൻഎസ്എസ് ചോദിക്കുന്നു.

മന്ത്രി പറഞ്ഞതിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ആരാധനാവകാശം സംരക്ഷിക്കുന്നതിന് വേണ്ടി ശബരിമലയിൽ യുവതീ പ്രവേശനം പാടില്ലെന്ന് ആവശ്യപ്പെട്ട് വിശാലബെഞ്ചിന്റെ മുന്നിൽ സത്യവാങ്മൂലം സമർപ്പിക്കുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുകയാണ് വകുപ്പുമന്ത്രി ചെയ്യേണ്ടത്.

ദേവസ്വം മന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന ഏത് സാഹചര്യത്തിൽ ഉണ്ടായിട്ടുള്ളതാണെന്ന് ആർക്കും മനസിലാക്കാവുന്നതേയുള്ളു. വിശ്വാസികളുടെ വികാരങ്ങളെ മാനിക്കാതെ റിവ്യൂ ഹർജി ഫയൽ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തുന്നതിനോ തയ്യാറാകാതെ ഏതു മാർഗവും സ്വീകരിച്ച് കോടതി വിധി നടപ്പിലാക്കാനാണ് സർക്കാർ ശ്രമിച്ചത്. തുടർന്ന് രാജ്യത്തെമ്പാടും ഉണ്ടായ സംഭവ വികാസങ്ങൾ ഏവർക്കും അറിവുള്ളതാണെന്നും എൻഎസ്എസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.