ന്യൂഡൽഹി: ആസാദി കാ അമൃത് മഹോത്സവ് പരിപാടികൾക്ക് പ്രധാനമന്ത്രി വെള്ളിയാഴ്ച്ച തുടക്കം കുറിക്കും. ഇന്ത്യ സ്വാതന്ത്ര്യം നേടി 75 വർഷം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടികൾക്കാണ് നാളെ തുടക്കം കുറിക്കുക. അഹമ്മദാബാദിലെ സബർമതി ആശ്രമത്തിൽ നിന്നുള്ള പദയാത്ര പ്രധാനമന്ത്രി വെള്ളിയാഴ്ച്ച ഫ്‌ളാഗ് ഓഫ് ചെയ്യും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികത്തിന്റെ ഓർമയ്ക്കായി കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന പരിപാടികളുടെ പരമ്പരയാണ് ആസാദി കാ അമൃത് മഹോത്സവ്. ജന പങ്കാളിത്തത്തോടെയുള്ള ഒരു ജനകീയ മഹോത്സവമായിട്ടായിരിക്കും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. വിവിധ ഡിജിറ്റൽ പരിപാടികൾക്കും നാളെ തുടക്കം കുറിക്കും. രാവിലെ 10: 30 ന് ആരംഭിക്കുന്ന ചടങ്ങിൽ ഗുജറാത്ത് ഗവർണർ ശ്രീ ആചാര്യ ദേവവ്രത് , കേന്ദ്ര സഹമന്ത്രി പ്രഹളാദ് സിംഗ് പട്ടേൽ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും പങ്കെടുക്കും.

അഹമ്മദാബാദിലെ സബർമതി ആശ്രമം മുതൽ നവസാരിയിലെ ദണ്ഡി വരെയാണ് പദയാത്ര നടക്കുന്നത്. 241 മൈൽ ദൈർഘ്യമുള്ള യാത്ര ഏപ്രിൽ 5 നാണ് അവസാനിക്കുക. കേന്ദ്ര മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലാണ് പദയാത്രയുടെ ആദ്യ ഘട്ടത്തിന് നേതൃത്വം നൽകുക.