ന്യൂഡൽഹി: മഹാരാഷ്ട്രയിൽ കൊറോണ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നും രാജ്യത്തെ കൊറോണ മുക്തമാക്കണമെങ്കിൽ വൈറസിനെ നിസാരമായി കാണരുതെന്നും നീതി ആയോഗ് അംഗം വി കെ പോൾ വ്യക്തമാക്കി.

കൊറോണ മുക്തമായി തുടരണമെങ്കിൽ വൈറസിനെ അകറ്റി നിർത്തുന്ന ശീലങ്ങൾ പിന്തുടരണമെന്ന പാഠമാണ് മഹാരാഷ്ട്ര പഠിപ്പിക്കുന്നത്. ജനിതക മാറ്റം സംഭവിച്ച വൈറസുമായി മഹാരാഷ്ട്രയിലെ കൊറോണ വ്യാപനത്തിന് ബന്ധമില്ല. വലിയ തോതിൽ ആളുകൾ കൂട്ടം കൂടിയതും കൊറോണ മാർഗ നിർദ്ദേശങ്ങൾ ലംഘിച്ചതുമാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ഐസിഎംആർ വ്യക്തമാക്കുന്നത്.

പുതിയ കേസുകൾ ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് മഹാരാഷ്ട്രയിൽ. പ്രതിദിന കേസുകൾ ഉയർന്നതോടെ നാഗ്പൂരിൽ മാർച്ച് 15 മുതൽ 21 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യത്തെ പത്ത് നഗരങ്ങളിൽ എട്ടെണ്ണവും മഹാരാഷ്ട്രയിലാണ്. പൂനെ, നാഗ്പൂർ, താനെ, മുംബൈ, അമരാവതി, ജഗൽഗാവ്, നാസിക്, ഔറംഗാബാദ് എന്നീ നഗരങ്ങളിലാണ് കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നത്.