മുംബൈ : മഹാരാഷ്ട്രയിൽ കൊറോണ വ്യാപനത്തിന് പിന്നാലെ പക്ഷിപ്പനിയും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം 6,900 പക്ഷിപ്പനി കേസുകളാണ് അമരാവതിയിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് സംസ്ഥാനത്തെ ആരോഗ്യവിഭാഗം.

കഴിഞ്ഞ ദിവസം നന്ദുർബർ, ജൽനാ എന്നീ ജില്ലകളിൽ 19 ഉം, 12 ഉം വീതം പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 6,900 പുതിയ കേസുകൾ അമരാവതിയിലെ വിവിധയിടങ്ങളിലായി റിപ്പോർട്ട് ചെയ്തത്. രോഗബാധ കണ്ടെത്തിയ മേഖലകളിലെ ഫാമുകളിലും വീടുകളിലുമായി 10,65,890 പക്ഷികളെയും, 60,75,791 മുട്ടകളും, 83,694 കിലോ തീറ്റയും നശിപ്പിച്ചതായി സർക്കാർ അറിയിച്ചു. പക്ഷികളുടെ സാമ്പിളുകൾ വിശദമായ പരിശോധനകൾക്കായി ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.

പക്ഷിപ്പനി ബാധയുടെ പശ്ചാത്തലത്തിൽ കർഷകർക്ക് സംസ്ഥാന സർക്കാർ ധനസഹായം അനുവദിച്ചു. ഫാം ജീവനക്കാരും കർഷകരും കർശനമായും പ്രതിരോധ നടപടികൾ പാലിക്കണമെന്നും സർക്കാർ നിർദ്ദേശമുണ്ട്.