പന്തളം : ശബരിമല യുവതി പ്രവേശനത്തിൽ ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ രൂക്ഷമായി വിമർശിച്ച് പന്തളം കൊട്ടാരം. മന്ത്രിയുടേത് തിരഞ്ഞെടുപ്പ് അടുക്കാറായപ്പോഴുള്ള ചെപ്പടിവിദ്യയാണെന്ന് പന്തളം കൊട്ടാരം പറഞ്ഞു. പ്രസ്താവനയിലാണ് മന്ത്രിയ്‌ക്കെതിരെ മന്ത്രിക്കെതിരെ കൊട്ടാരം അധികൃതർ രൂക്ഷവിമർശനം ഉന്നയിച്ചത്.

തിരഞ്ഞെടുപ്പ് അടുക്കാറായപ്പോൾ ജനങ്ങളെ നേരിടാനുള്ള ജാള്യതയും വിഷമവുമാണ്. നിലവിൽ സർക്കാരിന് ഉള്ളത്. ഈ ഘട്ടത്തിൽ ഭക്ത ജനങ്ങളെ കബളിപ്പിച്ച് ശ്രദ്ധ തിരിക്കാനാണ് ശ്രമം. യഥാർത്ഥത്തിൽ ദേവസ്വം മന്ത്രിയല്ല മറിച്ച് മുഖ്യമന്ത്രിയാണ് ഖേദം പ്രകടിപ്പിക്കേണ്ടതെന്നും പന്തളം കൊട്ടാരം ചൂണ്ടിക്കാട്ടി. മന്ത്രിസഭാ യോഗത്തിലെ തീരുമാന പ്രകാരം പതിനായിരക്കണക്കിന് അയ്യപ്പ വിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും പന്തളം കൊട്ടാരം ആവശ്യപ്പെട്ടു.

ഖേദപ്രകടനം ആത്മാർത്ഥമാണെങ്കിൽ ക്ഷേത്രാചാരലംഘനം നടത്തില്ലെന്നും, കൊട്ടാരം ആവശ്യപ്പെട്ടത് പ്രകാരം സുപ്രീംകോടതിയിൽ സത്യാവാങ്മൂലം പുതുക്കി നൽകുമെന്നും ഇടതുപക്ഷ മുന്നണി പരസ്യമായി പ്രഖ്യാപിക്കണം. അല്ലാത്ത പക്ഷം അയ്യപ്പ വിശ്വാസികൾ ഇത് പുച്ഛിച്ചു തള്ളുമെന്നും കൊട്ടാരം വ്യക്തമാക്കി.