ന്യൂഡല്‍ഹി: ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്കേറ്റ സംഭവത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിയ ആരോപണത്തിന് രൂക്ഷഭാഷയില്‍ പ്രതികരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരം ഇതെല്ലാം നടക്കുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിക്കുന്നത് പോലും നിന്ദ്യമായി തോന്നുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു.
ബംഗാള്‍ പോലീസ് മേധാവിയെ നീക്കിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നിര്‍ദേശപ്രകാരമാണെന്ന തൃണണൂല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു കമ്മീഷന്. പോലീസ് മേധാവിയെ നീക്കയതിനു പിന്നാലെയാണ് മമതയ്ക്കു നേരെ ആക്രമണം ഉണ്ടായതെന്നാണ് തൃണമൂല്‍ ആരോപണം.
തെരഞ്ഞെടുപ്പ് നടത്തുന്നതിന്റെ പേരില്‍ സംസ്ഥാനത്തെ ക്രമസമാധാന സംവിധാനം മുഴുവനും ഏറ്റെടുത്തു എന്നുപറയുന്നത് തികച്ചും തെറ്റാണെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി. ബംഗാള്‍ ഉള്‍പ്പെടെ ഏതെങ്കിലും സംസ്ഥാനത്തെ ദൈനംദിന ഭരണം കമ്മീഷന് ഏറ്റെടുക്കാറില്ല. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനത്തെയും അടിത്തറയെയും ചോദ്യം ചെയ്യുന്ന തൃണമൂലിന്റെ പരാതി നിറയെ നിഗൂഡതകളാണെന്നും കമ്മീഷന് പറഞ്ഞു