കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിക്കും. സ്ക്രീനിംഗ് കമ്മറ്റി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വൈകീട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചേരും. 20 സിറ്റിംഗ് എം.എല്‍.മാരുടെ ഉള്‍പ്പെടെ 65 സീറ്റുകളില്‍ തീരുമാനമായിട്ടുണ്ട്. നേമത്ത് ഉമ്മന്‍ചാണ്ടി തന്നെ മത്സരിച്ചേക്കും.

കോണ്‍ഗ്രസിന്‍റെ ഡല്‍ഹിയിലെ സ്ഥാനാര്‍ഥി ചര്‍ച്ച നാലാം ദിവസത്തിലേക്ക് കടന്നു. പതിവ് പോലെ ജംബോ പട്ടികയില്‍ നിന്ന് തുടങ്ങി അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കുകയാണ് ചര്‍ച്ച. ദേശീയ – സംസ്ഥാന നേതാക്കള്‍ എം.പിമാരുടെ കൂടി അഭിപ്രായങ്ങള്‍ ആരാഞ്ഞ് ചര്‍ച്ചയിലൂടെ 65 മണ്ഡലങ്ങളില്‍ ധാരണയായി.

ശക്തമായ പോരാട്ടം ലക്ഷ്യം വച്ച്‌ ഉമ്മന്‍ചാണ്ടി തന്നെ നേമത്ത് സ്ഥാനാര്‍ഥിയായേക്കും. രമേശ് ചെന്നിത്തല, കെ.മുരളിധരന്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചെങ്കിലും ഉമ്മന്‍ ചാണ്ടി മത്സരിക്കട്ടെ എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. മണ്ഡലം മാറുന്നതിലെ അതൃപ്തി ഉമ്മന്‍ ചാണ്ടിക്കുണ്ട്. പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍ അടക്കമുള്ള കുടുംബാംഗങ്ങളില്‍ ഒരാള് മത്സരിക്കും.

ഗ്രൂപ്പ് വടംവലിയില്‍ തട്ടിയാണ് 25 ഓളം സീറ്റുകളിലെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത്. അതൃപ്തി വ്യക്തമാക്കിയ ഹൈക്കമാന്‍ഡ് ചര്‍ച്ചകള്‍ നീട്ടാനാവില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നു. അവസാന വട്ട ചര്‍ച്ചകളില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബുവിനായി ഉമ്മന്‍ ചാണ്ടി വീണ്ടും കടുപിടിത്തം പിടിക്കും.

വട്ടിയൂര്‍ക്കാവില്‍ എ.പി അനില്‍ കുമാര്‍, നെടുമങ്ങാട് ബി.ആര്‍.എം ഷഫീര്‍, നിലമ്ബൂരില്‍ സിദ്ദിഖ്, ഉടുമ്ബന്‍ചോലയില്‍ എസ്. അശോകന്‍, ഒല്ലൂരില്‍ ജോസ് വള്ളൂര്‍, വൈപ്പിനില്‍ ദീപക് ജോയ് എന്നിവര്‍ മത്സരിച്ചേക്കും.