ഡല്‍ഹി: സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ നിര്‍മ്മിക്കുന്ന ഓക്‌സ്ഫഡ് -അസ്ട്രസെനെക്ക വാക്‌സിന്‍ കൊവിഷീല്‍ഡിന്റെ വില വീണ്ടും കുറയുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. ഒരു ഡോസിന് 200 രൂപയില്‍ താഴെ നല്‍കാന്‍ കഴിയുമോയെന്ന് കമ്പനിയുമായി ചര്‍ച്ച നടത്തിയെന്നും കമ്പനി അത് സമ്മതിച്ചതായും ആരോഗ്യ സെക്രട്ടറി പറഞ്ഞു. എന്നാല്‍ എത്ര രൂപയ്ക്കാണ് സര്‍ക്കാര്‍ കമ്പനിയില്‍ നിന്ന് വാക്‌സിന്‍ വാങ്ങുന്നതെന്ന് സെക്രട്ടറി പറഞ്ഞില്ല. ഏകദേശം 157.50 രൂപയ്ക്കാണ് വാക്‌സിന്‍ വാങ്ങുന്നതെന്നാണ് റിപോര്‍ട്ട്.
എങ്കിലും സ്വകാര്യ ആശുപത്രികളില്‍നിന്ന് വാക്‌സിനേഷന്‍ എടുക്കുന്നതിന് ഇപ്പോള്‍ ഈടാക്കുന്ന നിരക്കിനെ ഇത് ബാധിക്കുമോ എന്ന് വ്യക്തമല്ല. മുതിര്‍ന്ന പൗരന്മാര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള രോഗികളായവര്‍ക്കും കുത്തിവയ്പ് നല്‍കുന്ന ഈ ഘട്ടത്തില്‍ ആശുപത്രികള്‍ക്ക് ഒരു ഡോസ് വാക്‌സിന്‍ എടുക്കാന്‍ 250 രൂപ വരെ ഈടാക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. വാക്‌സിന് മാത്രം 100 രൂപ വരെയാണ് വില. പുതിയ നയത്തിന്റെ ഭാഗമായി വാക്‌സിന് ഈടാക്കുന്ന വില 150 രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജനുവരി 16ന് വാക്‌സിനേഷന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യ 200 രൂപ നിരക്കില്‍ 10 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സിനാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് വാങ്ങിയത്. ഭാരത് ബയോടെക്കില്‍ നിന്ന് 38.5 ലക്ഷം ഡോസ് ഒരു ഡോസിന് 295 രൂപ നിരക്കിലും വാങ്ങിയിരുന്നു. ഭാരത് ബയോടെക് 16.5 ലക്ഷം ഡോസുകള്‍ സൗജന്യമായി നല്‍കിയതിനാല്‍ അതുംകൂടി പരിഗണിക്കുമ്പോള്‍ വില ഡോസിന് 206 രൂപയാകും. പിന്നീട് ഇതേ നിരക്കില്‍ കോടിക്കണക്കിന് ഡോസ് വാക്‌സിന്‍ വാങ്ങിയിരുന്നു.
മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ച ഈ ഘട്ടത്തില്‍ രണ്ട് വാക്‌സിനും 250 രൂപ വച്ചാണ് ഈടാക്കുന്നത്. 2.56 കോടിയിലധികം ഡോസ് വാക്‌സിനാണ് വ്യാഴാഴ്ച വരെ രാജ്യത്ത് വിതരണം ചെയ്തിട്ടുളളത്.