തിരുവനന്തപുരം: ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭക്തരെ കബളിപ്പിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കടകംപള്ളി മാത്രം ദുഃഖമുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല. നിലപാട് തെറ്റായിപ്പോയെന്നും അതില്‍ ദുഃഖമുണ്ടെന്നും മുഖ്യമന്ത്രി പരസ്യമായി പറയുമോ എന്നും ചെന്നിത്തല ചോദിച്ചു.

ശബരിമല വിഷയത്തില്‍ തെറ്റു പറ്റി എന്ന നിലപാട് സി പി എം എടുത്തപ്പോഴും ഒരു തെറ്റും പറ്റിയിട്ടില്ലെന്ന് പറഞ്ഞയാളാണ് മുഖ്യമന്ത്രി. അതിനാല്‍ പിണറായി പരസ്യമായി തെറ്റ് ഏറ്റ് പറഞ്ഞ് ഭക്തജനങ്ങളോട് മാപ്പു പറയണം. ആചാരം ലംഘിച്ച്‌ ശബരിമലയില്‍ ഇനി​ യുവതികളെ കയറ്റില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പ് നല്‍കാമോ? അതൊന്നുമല്ലാതെ എല്ലാവര്‍ക്കും ദുഃഖമുണ്ടെന്ന് ഒഴുക്കന്‍ മട്ടില്‍ മന്ത്രി പറയുന്നതില്‍ ഒരു അര്‍ത്ഥവും ഇല്ല. സുപ്രീം കോടതിയില്‍ തിരുത്തി നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും തയ്യാറായിട്ടില്ല. അത് ചെയ്താല്‍ പ്രശ്‌നത്തിന് പരിഹാരമാവും- ചെന്നിത്തല പറഞ്ഞു.

നേരത്തേ ബി​ ജെ പി​ സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും കടകംപള്ളി​യെ വി​മര്‍ശി​ച്ച്‌ രംഗത്തെത്തി​യി​രുന്നു. ആയിരം തിരഞ്ഞെടുപ്പില്‍ തോറ്റാലും നാല് വോട്ടിനുവേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടംപള്ളി സുരേന്ദ്രന്‍ ഇപ്പോള്‍ ശബരിമലയുടെ പേരില്‍ നെഞ്ചത്തടിച്ച്‌ നിലവിളിക്കുന്നത് തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന പേടികൊണ്ടാണെന്നായി​രുന്നു സുരേന്ദ്രന്‍ പറഞ്ഞത്. ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതയ്ക്കും ആയിരം വട്ടം ഗംഗയില്‍ മുങ്ങിയാലും മാപ്പ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.