തൃശ്ശൂര്‍ : മുഖ്യമന്ത്രി പിണറായി വിജയന് ചെങ്കൊടിയേക്കാള്‍ വലുത് രണ്ടിലയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പിണറായിയുടെ രീതി ഞാനും ഞാനുമെന്‍റാളുമെന്നതാണ്. സൗകര്യമുള്ളവന്‍ നിന്നാല്‍ മതിയെന്നാണ് അദ്ദേഹം അണികള്‍ക്ക് നല്‍കുന്ന സന്ദേശമെന്നും വി. മുരളീധരന്‍ പറഞ്ഞു.
പിണറായിയുടെ ഏകാധിപത്യത്തില്‍ ഇടതുമുന്നണി ഛിന്നഭിന്നമാകുന്ന കാഴ്ചയാണുള്ളത്. പിറവത്ത് സീറ്റ് മാത്രമല്ല കേരള കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയെയും പിണറായി വിജയന്‍ കൊടുത്തു. സംസ്ഥാന രാഷ്ട്രീയത്തില്‍ സിപിഐ തീര്‍ത്തും അപ്രസക്തമായെന്നും കാനം രാജേന്ദ്രന്‍റെ നിവര്‍ത്തികേട് കേരളം കാണുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
സിപിഎം രാജ്യത്തിന്റെ മറ്റെല്ലാ ഭാഗത്തും എന്നതു പോലെ കേരളത്തിലും മുങ്ങുന്ന കപ്പലാണ്. ആത്മാഭിമാനമുള്ള പ്രവര്‍ത്തകര്‍ ആ കപ്പലില്‍ നിന്ന് രക്ഷപെടുന്ന കാലം വിദൂരമല്ല. പ്രചാരവേല കൊണ്ട് അണികളെ അന്ധരാക്കി കൂടെ നിര്‍ത്താമെന്ന പി.ആര്‍ സംഘത്തിന്‍റെ പദ്ധതി പൊളിയുന്നതാണ് പരസ്യ പ്രതികരണത്തിലൂടെ കണ്ടതെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.