തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഇതേ തുടര്‍ന്ന് ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനമാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് പുറത്തിറക്കിയത്.
അടുത്ത 24 മണിക്കൂറില്‍ കേരള-കര്‍ണാടക തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇതിനാല്‍ മല്‍സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി പോകാന്‍ പാടുള്ളതല്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്. എറണാകുളം കോഴിക്കോടും കണ്ണൂരും ഉള്‍പ്പടേയുള്ള വടക്കന്‍ ജില്ലകളിലും കഴിഞ്ഞ ദിവസം ശക്തമായ മഴ ഉണ്ടായിരുന്നു.
എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അതി ശക്തമായ കാറ്റും മഴയുമാണ് ഉണ്ടായത്. പലയിടത്തും മരങ്ങള്‍ കടപുഴകി വീണതും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്നും മണിക്കൂറുകളോളം ഗതാഗതം തടസ്സവും ഉണ്ടായി.