തിരുവനന്തപുരം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്ഐആര്‍ തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.
ജസ്നയുടെ തിരോധാനത്തിനു പിന്നില്‍ അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. 2018 മാര്‍ച്ച് 22-നാണ് എരുമേലി മുക്കൂട്ടുതറ സ്വദേശിനിയായ ബിരുദ വിദ്യാര്‍ഥിനി ജസ്നയെ കാണാതാകുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, ജസ്നയുടെ സഹോദരന് ജയ്സ് ജോണ്‍ എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.