ആരാധകരെ ആവേശം കൊള്ളിച്ച്‌ മമ്മൂട്ടിയുടെ ‘ദ പ്രീസ്റ്റ്’ റിലീസ് ആയി. ഒന്നര വര്‍ഷത്തിന് ശേഷം തിയേറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമാണ് പ്രീസ്റ്റ്. സെക്കന്‍ഡ് ഷോ ഉണ്ടെങ്കില്‍ മാത്രമേ ചിത്രം റിലീസ് ചെയ്യുകയുള്ളുവെന്ന് ചിത്രത്തിന്‍്റെ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധം പിടിച്ചിരുന്നു. അത് വെറുതേയല്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഗംഭീര സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവാഗതനായ ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത ചിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ആദ്യ പകുതിയിലെ അപ്രതീക്ഷിത ട്വിസ്റ്റിനെ പുകഴ്ത്തിയാണ് പ്രേക്ഷകരുടെ ട്വീറ്റുകള്‍. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ഫാദര്‍ ബെനഡിക്‌ട് എന്ന കുറ്റാന്വേഷകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. നിഖില വിമല്‍, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഉദ്യോഗഭരിതമായ ആദ്യപകുതിയും കിടിലന്‍ ഇന്‍്റര്‍വെല്‍ പഞ്ചും കൂടിയായപ്പോള്‍ പ്രേക്ഷരുടെ മനസ് നിറഞ്ഞു. ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയുള്ള ഒരു പാരാ സൈക്കിക്ക് യാത്ര തന്നെയായിരുന്നു പിന്നീട് അങ്ങോട്ട്. സിനിമയില്‍ കഥയ്ക്കെന്ന പോലെ തന്നെ മികച്ച പ്രാധാന്യമാണ് പശ്ചാത്തല സംഗീതത്തിനുമുള്ളത്. പ്രേക്ഷകരെ പിടിച്ചിരുത്താന്‍ തക്ക ബിജിഎം തന്നെയാണ് ഒരുക്കിയിരിക്കുന്നത്.