മോഹന്‍ലാലിന്‍റെ സംവിധാന സംരംഭമായ ബറോസിന്റെ പ്രീ പ്രൊഡക്ഷന്‍ ടീമിനൊപ്പം പൃഥ്വിരാജു൦ നവോദയില്‍.

ചിത്രത്തിന്റെ വര്‍ക്കുകള്‍ കൊച്ചി കാക്കനാട് നവോദയ സ്റ്റുഡിയോയില്‍ പുരോഗമിക്കുകയാണ്. പൃഥ്വിരാജു൦ ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു കഥാപാത്രമാകുന്നുണ്ട്. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഏകദേശം ഒരു വര്‍ഷമായി സിനിമയുടെ സൈറ്റ് ഡിസൈന്‍ ,ആര്‍ട്ട് വര്‍ക്കുകള്‍ , മ്യൂസിക്ക് പ്രൊഡക്ഷന്‍ , ത്രി ഡി ജോലികള്‍ ഇവിടെ നടക്കുന്നുണ്ടായിരുന്നു. ബറോസ് പൂര്‍ത്തിയാക്കുന്നത് വരെ മറ്റു സിനിമകളുടെ ചിത്രീകരണ തിരക്കുകളില്‍ നിന്നും മോഹന്‍ലാല്‍ ഇടവേളയെടുക്കും.

പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷങ്ങളായി നിധിയ്ക്ക് കാവലിരിക്കുന്ന ബറോസ് യഥാര്‍ത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനെ മുന്നിലെത്തിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.

മൈ ഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ചിത്രം വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം.