ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകളില്‍ വീണ്ടും പൊട്ടിത്തെറി. രണ്ടു ഗ്രൂപ്പുനേതാക്കള്‍ ചേര്‍ന്ന് സീറ്റ് പങ്കിട്ടെടുക്കുന്നതില്‍ വ്യാപക പ്രതിഷേധം. ഒരു വശത്ത് പ്രതിഷേധം മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയുടെ രാജിയില്‍ എത്തിയപ്പോള്‍, അനുനയത്തിനു വിളിച്ചു കൂട്ടിയ എം.പിമാരുടെ യോഗവും കടുത്ത അമര്ഷത്തിെന്റ വേദിയായി.
കെ. മുരളീധരന് ബുധനാഴ്ചത്തെ യോഗവും ബഹിഷ്കരിച്ചു. പ്രശ്നപരിഹാരത്തിന് ഹൈകമാന്‍ഡ് ഇടപെടല്‍. സ്ക്രീനിങ് കമ്മിറ്റി യോഗം ചേര്‍ന്നും അല്ലാതെയും മുതിര്‍ന്ന നേതാക്കള്‍ മൂന്നു ദിവസമായി ഡല്‍ഹിയില്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കേന്ദ്ര തെരഞ്ഞെടുപ്പു സമിതിക്ക് കൈമാറേണ്ട സ്ഥാനാര്‍ഥിപ്പട്ടികക്ക് രൂപമായില്ല. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള ദിവസം അടുത്തെങ്കിലും നിരവധി സീറ്റിെന്റ കാര്യത്തില്‍ തര്‍ക്കവും അനിശ്ചിതത്വവും തുടരുകയാണ്.
കേരളത്തില്‍ കൂടിയാലോചന നടത്താതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനെ നോക്കുകുത്തിയാക്കി തയാറാക്കിയ പട്ടികയുമായാണ് സ്ക്രീനിങ് കമ്മിറ്റി ചര്‍ച്ചക്ക് എത്തിയതെന്ന പ്രതിഷേധമാണ് കത്തുന്നത്. ഇരുവരും ഗ്രൂപ് അടിസ്ഥാനത്തില്‍ സീറ്റ് വീതം വെെച്ചന്നും ജയസാധ്യതയോ എം.പിമാരുടെ വികാരമോ കണക്കിലെടുത്തില്ലെന്നുമാണ് പരാതിയുടെ കാതല്‍.
എം.കെ. രാഘവന്, കെ. സുധാകരന്, രാജ്മോഹന്‍ ഉണ്ണിത്താന്, ആേന്റാ ആന്റണി തുടങ്ങിയവര്‍ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിച്ചത്. എം.പിമാരുടെ യോഗവും ബഹിഷ്കരിച്ച മുരളീധരനെ അനുനയിപ്പിക്കാന്‍ കെ.സി. വേണുഗോപാല്‍ കേരള ഹൗസിലെത്തി ചര്‍ച്ച നടത്തി. മുരളീധരന് സ്ഥാനാര്‍ഥിയാകണമെന്ന ആവശ്യവും മുന്നോട്ടുവെച്ചു. എന്നാല്‍, അദ്ദേഹം സ്ഥാനാര്‍ഥിത്വം നിരസിച്ചു.