യൂണിടാക്ക് എംഡി. സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ലഭിച്ചവരില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും. ലൈഫ് മിഷന്‍ കരാര്‍ ഉറപ്പാക്കാന്‍ കോഴ നല്‍കിയ ഫോണുകളില്‍ ഒന്നാണ് എം. ശിവശങ്കറിന് ലഭിച്ചത്. യൂണിടാക്ക് കമ്ബനി കോടതിയില്‍ നല്‍കിയ ഐഎംഇഐ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.

ലൈഫ് മിഷന്‍ കരാര്‍ ഉറപ്പാക്കുന്നതിനായി പണത്തിന് പുറമേ ആറ് ഐഫോണുകള്‍ സ്വപ്‌നയ്ക്ക് കോഴയായി സന്തോഷ് ഈപ്പന്‍ നല്‍കിയിരുന്നു. ഇതില്‍ ഒരു ഫോണ്‍ ലഭിച്ചത് ശിവശങ്കറിനാണെന്ന് വ്യക്തമാക്കുന്ന തെളിവാണ് പുറത്തുവന്നിരിക്കുന്നത്. ശിവശങ്കര്‍ പതിവായി ഉപയോഗിച്ചിരുന്നത് ഈ ഫോണാണെന്ന് കോടതി രേഖകളില്‍ വ്യക്തമാണ്.

ലൈഫ് മിഷന്‍ കരാറിനായി നാല് കോടി 48 ലക്ഷം രൂപ കമ്മീഷനായി നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു. ഇത് കൂടാതെ ആറ് ഐഫോണുകളും വാങ്ങി നല്‍കി. യുഎഇ കോണ്‍സുലേറ്റിനായാണ് ഐ ഫോണുകള്‍ വാങ്ങി നല്‍കിയതെന്ന് സന്തോഷ് ഈപ്പന്‍ പറഞ്ഞിരുന്നു.