അമ്മയുടെ കഥകളി അരങ്ങേറ്റത്തില്‍ സന്തോഷം അറിയിച്ച്‌ മഞ്ജു വാര്യര്‍. തന്റെ അമ്മ എന്നും ഒരു പ്രചോദനം ആണെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് മഞ്ജു തന്റെ സന്തോഷം അറിയിച്ചത്.

എന്റെ സൂപ്പര്‍സ്റ്റാര്‍ ഒരിക്കല്‍ കൂടെ തെളിയിച്ചു. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്നും പ്രചോദനമായി നിന്നതിന് നന്ദി. എന്റെ അമ്മ കലാമണ്ഡലം ഗോപി ആശാന്റെ കീഴില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി കഥകളി പരിശീലിച്ചിരുന്നു. ഇപ്പോള്‍ സര്‍വതോഭദ്രം കലാ കേന്ദ്രത്തിലെ മികച്ച കഥകളി കലാകാരന്മാര്‍ക്കൊപ്പം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അമ്മയെ ഓര്‍ത്ത് ഞാനേറെ അഭിമാനിക്കുന്നു.

കൊച്ചി ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനോട് അനുബന്ധിച്ചായിരുന്നു അരങ്ങേറ്റം നടന്നത്.
കല്ല്യാണസൗഗന്ധികം കഥകളിയില്‍ പാഞ്ചാലി വേഷമാണ് ഗിരിജ മാധവന്‍ അവതരിപ്പിച്ചത്. അരങ്ങില്‍ പുരുഷ വേഷം കെട്ടിയാടണമെന്നാണ് ഗിരിജ മാധവന്റെ മറ്റൊരു ആഗ്രഹം. കഥകളി കാണാന്‍ മഞ്ജു വന്നതോടെ ക്ഷേത്രത്തില്‍ ആരാധകരും എത്തിച്ചേര്‍ന്നു.