കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റണം എന്നാവശ്യപ്പെട്ടുളള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആക്രമണത്തിന് ഇരയായ നടിയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണക്കോടതിയുടെ നടപടികള്‍ പക്ഷപാതപരമാണെന്നാണ് ഹര്‍ജിയിലെ ആരോപണം. കേസില്‍ അസാധാരണ ഹര്‍ജിയുമായാണ് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലെത്തിട്ടുളളത്.

നടിയുടെ ആവശ്യത്തെ പ്രോസിക്യൂഷനും അനുകൂലിക്കുന്നുണ്ട്. വിചാരണക്കോടതിയുടെ നടപടികള്‍ ശത്രുതാപരവും പക്ഷപാതപരവുമാണെന്നാണ് നടിയുടെ ആരോപണം. വിസ്‌താരത്തിന്റെ പേരില്‍ കോടതി മുറിയില്‍ പ്രധാന പ്രതിയുടെ അഭിഭാഷകന്‍ തന്നോട് മോശമായി പെരുമാറിയപ്പോള്‍ കോടതി നിശബ്‌ദമായി നിന്നെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്റെ പല സുപ്രധാന മൊഴിളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹര്‍ജിയിലുണ്ട്. കൂടാതെ പ്രതിഭാഗം നല്‍കുന്ന ഹര്‍ജികളില്‍ പ്രോസിക്യുഷനെ പോലും അറിയിക്കാതെ പ്രധാനപ്പെട്ട രേഖകളും കൈമാറി.

എട്ടാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി ഒരു തീരുമാനവും എടുത്തില്ല. പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ച്‌ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നും നടി ആരോപിക്കുന്നു. വിചാരണ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ വിചാരണക്കോടതിയില്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അത് അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് നടി ഹ‍ര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.