ന്യൂഡല്‍ഹി : ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍(ഡിഎംആര്‍സി)യുടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ സ്ഥാനത്തുനിന്നും ഇ ശ്രീധരന്‍ രാജിവെച്ചു. രാജി മാര്‍ച്ച്‌ 15 മുതല്‍ നിലവില്‍ വരും. രാജികത്ത് ഡിഎംആര്‍സി സ്വീകരിച്ചതായി ഡിഎംആര്‍സിയുടെ ചീഫ് എന്‍ജിനീയര്‍ ജി. കേശവചന്ദ്രന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

ബിജെപിയില്‍ ചേര്‍ന്ന് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയാറെടുക്കുന്ന പശ്ചാത്തലത്തിലാണ് രാജി. ഇ.ശ്രീധരന്‍ കഴിഞ്ഞ ആഴ്ചയില്‍ പാലാരിവട്ടം മേല്‍പ്പാലം പുനര്‍നിര്‍മാണം പൂര്‍ത്തിയായ വേളയില്‍ പരിശോധനയ്ക്കായി എത്തിയപ്പോള്‍ ഡിഎംആര്‍സിയുമായി വഴി പിരിയുന്ന കാര്യം അറിയിച്ചിരുന്നു. എന്നാല്‍, ഏത് ദിവസം മുതല്‍ എന്ന കാര്യം അറിയിച്ചിരുന്നില്ലെന്ന് മാത്രം.
16 വര്‍ഷത്തെ സേവനത്തിനുശേഷം ഡിഎംആര്‍സി എംഡി സ്ഥാനത്ത് നിന്നും 2011 ഡിസംബറില്‍ പിരിഞ്ഞതിനുശേഷം അവിടെ പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ സ്ഥാനത്ത് തുടരുകയായിരുന്നു ഇ.ശ്രീധരന്‍. ഈ കാലത്താണ് കൊച്ചി മെട്രോയുടെ അടക്കമുള്ള നിരവധി നിര്‍മാണ ജോലികളുടെ മേല്‍നോട്ടം അദ്ദേഹം വഹിച്ചത്. വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മാണമാണ് ശ്രീധരന്റെ മേല്‍നോട്ടത്തില്‍ ഡിഎംആര്‍സി കേരളത്തില്‍ ഏറ്റവും അവസാനം പൂര്‍ത്തിയാക്കിയത്.