ന്യൂഡല്‍ഹി: കരുണാകരനും ആന്റണിയും കൊണ്ടുനടന്ന ഗ്രൂപ്പല്ല ഇപ്പോള്‍ കോണ്‍ഗ്രസിലെന്ന് പി.സി.ചാക്കോ. കേരളത്തിലെ ഗ്രൂപ്പിസത്തില്‍ പൊറുതിമുട്ടിയാണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് ചാക്കോ ആവര്‍ത്തിച്ചു. കരുണാകരന്റെയും ആന്റണിയുടെയും കാലത്ത് ഇവിടെ ഗ്രൂപ്പുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അന്ന് രണ്ട് ഗ്രൂപ്പുകള്‍ ആണെങ്കിലും പരസ്‌പരം ചര്‍ച്ച നടന്നിരുന്നു. ഇന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൊണ്ടുനടക്കുന്ന ഗ്രൂപ്പില്‍ അത്തരം ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് ചാക്കോ കുറ്റപ്പെടുത്തി.
“ഗ്രൂപ്പ് പണ്ടും ഉണ്ടായിരുന്നു. പക്ഷേ, പണ്ടത്തെ ഗ്രൂപ്പല്ല ഇപ്പോള്‍. കരുണാകരനും ആന്റണിയും രണ്ട് ഗ്രൂപ്പായിരുന്നു. അവര് പോയി കഴിഞ്ഞപ്പോള്‍ ആ ഗ്രൂപ്പ് അവകാശപ്പെടുത്തിയത് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ്. അന്ന് പാര്‍ട്ടി ഒന്നിച്ചിരുന്ന് ആലോചിക്കുമായിരുന്നു. കരുണാകരനും ആന്റണിയും ഉള്ള കോണ്‍ഗ്രസ് രണ്ട് ശക്തമായ ഗ്രൂപ്പ് ആണെങ്കിലും തൃശൂരില്‍ കരുണാകരന്‍ മത്സരിക്കുന്ന സീറ്റില്‍ വേറെ സ്ഥാനാര്‍ഥിയുണ്ടോ എന്ന് അന്ന് ഞങ്ങള്‍ ആലോചിക്കുമായിരുന്നു. ഇന്നിപ്പോള്‍ അങ്ങനെയല്ല. ഇന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അവരവരുടെ വീട്ടില്‍ ഇരുന്ന് സീറ്റുകള്‍ വീതംവയ്‌ക്കുകയാണ്. ഒരു ഗ്രൂപ്പിന്റെ സീറ്റ് രമേശ് തീരുമാനിക്കും. മറ്റേത് ഉമ്മന്‍ചാണ്ടി തീരുമാനിക്കും. കരുണാകരനും ആന്റണിയും കൊണ്ടുനടന്ന ഗ്രൂപ്പല്ല ഇന്നത്തേത്,” ചാക്കോ പറഞ്ഞു.
ഗ്രൂപ്പ് രാഷ്ട്രീയം കോണ്‍ഗ്രസിന്റെ അപജയത്തിനു കാരണമാകുമെന്ന് ചാക്കോ പറഞ്ഞു. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. എന്നാല്‍, അത് ഫലം കണ്ടില്ല. അതുകൊണ്ടാണ് രാജിവയ്‌ക്കുന്നതെന്നും ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
“ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും തന്ന പേരുകളാണ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനുള്ള സ്ക്രീനിങ് കമ്മിറ്റിയിലേക്ക് എത്തിയത്. പ്രദേശ് ഇലക്ഷന്‍ കമ്മിറ്റി ഇതൊന്നും അറിഞ്ഞിട്ടില്ല. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി മെന്പര്‍ ആണ്. തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ചര്‍ച്ചയൊന്നും നടക്കാതെയാണ് പേരുകള്‍ സ്ക്രീനിങ് കമ്മിറ്റിയിലേക്ക് എത്തിയത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കിയ പേരുകളാണ് അതെല്ലാം. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതംവയ്‌പ്പ് മാത്രമാണ് നടക്കുന്നത്. വിജയസാധ്യതയും സ്ഥാനാര്‍ഥികളുടെ കഴിവുമാണ് പരിഗണിക്കേണ്ടതെന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാല്‍, അതൊന്നും നടക്കുന്നില്ല. വി.എം.സുധീരനെ ഗ്രൂപ്പുകള്‍ ശ്വാസംമുട്ടിച്ച് കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് പുറത്താക്കുകയായിരുന്നു,” ചാക്കോ പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് താന്‍ കോണ്‍ഗ്രസ് വിടുകയാണെന്ന് ചാക്കോ പ്രഖ്യാപിച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കോണ്‍ഗ്രസുകാരന്‍ ആയിരിക്കുക അസാധ്യമെന്നും കേരളത്തില്‍ ഗ്രൂപ്പ് വീതംവയ്‌പ്പുകള്‍ മാത്രമാണ് നടക്കുന്നതെന്നും പറഞ്ഞാണ് രാജി പ്രഖ്യാപനം നടത്തിയത്.
അതേസമയം, ബിജെപിക്ക് കേരളത്തില്‍ വലിയ നേട്ടങ്ങളൊന്നും സ്വന്തമാക്കാന്‍ സാധിക്കില്ലെന്നും ചാക്കോ പറഞ്ഞു. 2016 ല്‍ ഒരു സീറ്റാണ് നേടിയത്. ഇത്തവണ ചിലപ്പോള്‍ അത് രണ്ട് സീറ്റാകാം. അതില്‍ കൂടുതല്‍ നേട്ടങ്ങളൊന്നും കേരളത്തില്‍ നിന്ന് ബിജെപിക്ക് ലഭിക്കില്ലെന്നും ചാക്കോ പറഞ്ഞു. എന്നാല്‍, ഇടത് മുന്നണിക്കെതിരെ ചാക്കോ ഒന്നും പറഞ്ഞിട്ടില്ല. നേരത്തെ ഇടതുപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ച അനുഭവമുണ്ടെന്നും ചാക്കോ ചൂണ്ടിക്കാട്ടി