തിരുവനന്തപുരം: പരമാവധി ഇളവുകളോടെ തൃശൂര്‍ പൂരം നടത്താനാണ് ശ്രമമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മന്ത്രിസഭാ യോഗം ഈ വിഷയം ചര്‍ച്ച ചെയ്തുവെന്നും കടകംപള്ളി പറഞ്ഞു. തൃശൂര്‍ പൂരം നടത്തിപ്പിലെ അനിശ്ചിതാവസ്ഥ നീക്കും. ഉന്നതാധികാര സമിതിയുമായി ആലോചിച്ച്‌ പൂരം നടത്തിപ്പില്‍ ഇളവുകള്‍ അനുവദിക്കും.

ഏതെല്ലാം നിയന്ത്രണങ്ങള്‍​ നീക്കണമെന്നും ഏതെല്ലാം നിലനിര്‍ത്തണമെന്നും സംബന്ധിച്ച അന്തിമ തീരുമാനം ഉന്നതാധികാര സമിതിയാകും കൈക്കൊള്ളുക. പൂരത്തിന്റെ സവിശേഷത കാത്ത് സൂക്ഷിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് മാനദണ്ഡങ്ങള്‍ മാറ്റിവച്ച്‌ പൂരം മുന്‍ വര്‍ഷങ്ങളിലേതുപോലെ നടത്തണമെന്നാണ് സംഘാടകരുടെ ആവശ്യം. ഇല്ലെങ്കില്‍ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും ഇരു ദേവസ്വങ്ങളും മുന്നറിയിപ്പ് നല്‍കി. ഏപ്രില്‍ 23 നാണ് തൃശൂര്‍ പൂരം.

പൂരം നടത്തിപ്പിനായി സര്‍ക്കാരില്‍ നിന്ന് പ്രത്യേക അനുമതി വാങ്ങുമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. പൂരത്തിന്റെ ഒരുക്കങ്ങള്‍ രണ്ടുമാസം മുമ്ബേ തുടങ്ങണം. എന്നാല്‍ കുടമാറ്റം ഉള്‍പ്പെടെ ഏതൊക്കെ ചടങ്ങുകള്‍ വേണമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ചടങ്ങുകള്‍ക്ക് മൂന്നു ആനകളെ എഴുന്നള്ളിക്കാമെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. എന്നാല്‍ കുടമാറ്റത്തിന് ഇരുവശത്തും അണിനിരക്കാന്‍ 15 ആനകള്‍ വീതം വേണമെന്നാണ് ദേവസ്വം അധികൃതരുടെ നിലപാട്.