തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരെഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനൊരുങ്ങി ബിജെപിയും എല്‍ഡിഎഫും. കേരള നിയമസഭയില്‍ ബിജെപി ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച തെരഞ്ഞെടുപ്പായിരുന്നു 2016ലേത്. നേമം നിയോജനമണ്ഡലത്തിലൂടെ സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി പ്രതിനിധി സഭയിലെത്തി. അതോടൊപ്പം ഏഴ് മണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു. 2011ല്‍ മൂന്ന് സ്ഥലങ്ങളില്‍ മാത്രം രണ്ടാംസ്ഥാനത്തെത്തിയ പാര്‍ട്ടിയാണ് ഈ വളര്‍ച്ച കാട്ടിയത്. മൂന്ന് മണ്ഡലങ്ങളില്‍ 50000ത്തിലേറെ വോട്ട് നേടിയും ബിജെപി ശ്രദ്ധേയമായി.പല മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനത്തില്‍ ബിജെപി അത്ഭുതാവഹമായ വളര്‍ച്ച കാട്ടിയ തെരഞ്ഞെടുപ്പ് കൂടിയായിരുന്നു കഴിഞ്ഞ തവണത്തേത്.
കേരള നിയമസഭയില്‍ കസേര കാണാന്‍ നീണ്ട കാത്തിരിപ്പ് വേണ്ടിവന്നു ബിജെപിക്ക്. ഒടുവില്‍ 2016ല്‍ തിരുവനന്തപുരത്തെ നേമം നിയമസഭാമണ്ഡലത്തില്‍ നിന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലിനെ ജയിപ്പിച്ച് സഭയില്‍ ആദ്യമായി ബിജെപി ഒരു താമര വിരിയിച്ചു. നിലവിലെ എംഎല്‍എയായിരുന്നു സിപിഎമ്മിന്റെ വി ശിവന്‍കുട്ടിയെ തോല്പിച്ചായിരുന്നു ചരിത്ര ജയം. രാജഗോപാല്‍ 67813 വോട്ടും ശിവന്‍കുട്ടി 59142 വോട്ടും നേടിയപ്പോള്‍ ഭൂരിപക്ഷം 8671. ജനതാദള്‍ യുണൈറ്റഡിന്റെ വി സുരേന്ദ്രന് പിള്ള 13860 വോട്ടുമായി മൂന്നാമതായി. അതേസമയം ഏഴ് നിയോജനമണ്ഡലങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി. മഞ്ചേശ്വരം, കാസര്‍കോട്, പാലക്കാട്, മലമ്ബുഴ, ചാത്തന്നൂര്‍, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം എന്നിവയായിരുന്നു ഈ മണ്ഡലങ്ങള്‍.