ആരാധകരെ ശരിക്കും ഞെട്ടിക്കുന്ന വേഷത്തില്‍ ഇളയ ദളപതി വിജയ് എത്തുന്നു. തന്റെ 65-ാമത്തെ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് വിജയ്. ഇതുവരെ കാണാത്ത വ്യത്യസ്തമായ തകര്‍പ്പന്‍ വേഷത്തിലാണ് വിജയ് ഈ ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചരിത്രം കുറിക്കുന്ന ചിത്രമായിരിക്കും ദളപതി 65 എന്നാണ് അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കുന്ന ചിത്രം ആയിരിക്കും ഇത്.
അത്യാധുനിക സാങ്കേതിക വിദ്യയുടെ കരുത്തില്‍ പൂര്‍ണമായും വിദേശത്തായിരിക്കും ഈ സിനിമ ചിത്രീകരിക്കുക എന്നാണ് അറിയിച്ചു. ലൊക്കേഷനായി റഷ്യയെയാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് വിവരം. ഇതിനുള്ള ഒരുക്കങ്ങള്‍ സംവിധായകന്‍ നെല്‍സണ്‍ ദിലീപ് കുമാറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ തിരക്കഥ പൂര്‍ത്തിയായി. ലൊക്കേഷന്‍ നിശ്ചയിക്കുന്ന ചര്‍ച്ചകളും, താരനിര്‍ണയവും പുരോഗമിക്കുകയാണ്. ഇളയ ദളപതിക്കൊപ്പം ഇന്ത്യന്‍ സിനിമയിലെ മുന്‍നിരക്കാരായ ഒരുപിടി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് വിവരം. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതമൊരുക്കുന്നത്. ദളപതി 65 ഒരു പാന്‍-ഇന്ത്യന്‍ സിനിമ ആയിരിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. തെന്നിന്ത്യന്‍ താരസുന്ദരി പൂജാ ഹെഗ്ഡെ ആണ് ചിത്രത്തില്‍ വിജയ്-യുടെ നായികയായി എത്തുന്നത്. വില്ലന്‍ വേഷത്തില്‍ ബോളിവുഡ് താരം നവാസുദ്ധീന്‍ സിദ്ധിഖി അഭിനയിക്കും.
തുപ്പാക്കി, കത്തി, സര്‍ക്കാര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദളപതി വിജയ്-മുരുഗദോസ് ടീം വീണ്ടും ഒന്നിക്കുന്ന സിനിമ വരുമെന്നായിരുന്നു നേരത്തെയുള്ള അഭ്യൂഹം. തുപ്പാക്കി 2 ആയിരിക്കും ഈ ചിത്രമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുപ്പാക്കി 2 ചില അഭിപ്രായ ഭിന്നതകളെ തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നും വിജയ് തിരക്കഥയില്‍ തൃപ്തനല്ലാത്തതിനാല്‍ പിന്‍മാറിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെയാണ് ദളപതി 65 എന്ന സിനിമയുടെ പ്രഖ്യാപനം ഉണ്ടായത്.