കൊച്ചി: പിണറായി വിജയന്‍ സര്‍ക്കാര്‍ അതിന്റെ അവസാന പാദത്തിലേക്ക് കടന്നിരിക്കുകയാണിപ്പോള്‍. ഈ സര്‍ക്കാര്‍ പ്രതിദിനം കടമെടുക്കുന്നത് ഏകദേശം 50 കോടിയോളം രൂപയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ 57 മാസം നീണ്ട ഭരണത്തില്‍ 84,457.49 കോടി രൂപ സര്‍ക്കാര്‍ കടമെടുത്തു. നിലവില്‍ കേരളത്തിന്റെ ആകെ കടം 1,94,188.46 കോടി രൂപയാണ്. അതായത് ഓരോ കേരളീയനും 55,778.34 രൂപയുടെ കടക്കാരനാണ്.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തും മുന്‍പ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ ആകെ കടം 1,08,730.97 കോടി രൂപയായിരുന്നു. നിലവില്‍ 77 ശതമാനമാണ് കടബാദ്ധ്യതയില്‍ വന്നിരിക്കുന്ന വര്‍ദ്ധനവ്. ഒരു മാസം സര്‍ക്കാര്‍ കടമെടുക്കുന്നത് 1481.71 കോടി രൂപയാണ്. കഴിഞ്ഞ സര്‍ക്കാര്‍ അധികാരമൊഴിയുമ്ബോള്‍ ആളോഹരി കടബാദ്ധ്യത 32,129.23 രൂപയായിരുന്നു. ഇതാണ് ഇപ്പോള്‍ 50000 കടന്നിരിക്കുന്നത്.
ഈ സാമ്ബത്തിക വര്‍ഷം ഡിസംബര്‍ വരെ റവന്യൂ വരുമാനം 61,670.40 കോടി രൂപയാണ്. ഒരു മാസത്തെ ശരാശരി നോക്കിയാല്‍ 6852.22 കോടി രൂപ. റവന്യൂ വരുമാനം മുഖ്യപങ്കും ജീവനക്കാര്‍ക്ക് ശമ്ബളത്തിനും പെന്‍ഷനുമാണ് ചെലവാക്കുന്നത്. പ്രതിമാസ ചെലവ് നോക്കിയാല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളത്തിന് 2419.30 കോടി, പെന്‍ഷന്‍ 1550.90 കോടി, മന്ത്രിമാരുടെ ശമ്ബളം19.40 കോടി, എം.എല്‍.എമാരുടെ ശമ്ബളം 60.50 ലക്ഷം, യുവജന ക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണും ഓഫീസിനും നല്‍കുന്നത് 8.55 ലക്ഷം എന്നിങ്ങനെയാണ്.

സംസ്ഥാന സര്‍ക്കാര്‍ കടമെടുക്കുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്നും മ‌റ്റ് പല ഏജന്‍സികളില്‍ നിന്നുമാണ്. ‘ദി പ്രോപ്പര്‍ ചാനല്‍’ എന്ന സംഘടനയുടെ പ്രസിഡന്റും എറണാകുളം സ്വദേശിയുമായ എം.കെ ഹരിദാസിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.