തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്നതിനിടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ എതിര്‍പ്പുയര്‍ത്തി എംപിമാര്‍ രംഗത്ത്. ഗ്രൂപ്പിസമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിക്കുന്നതെന്നാണ് പരാതി. മുതിര്‍ന്ന നേതാക്കള്‍ പോലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും എം.പിമാര്‍ ആരോപിക്കുന്നു. ഇക്കാര്യം കാണിച്ച്‌ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.
യുവാക്കളേയും, പുതുമുഖങ്ങളേയും ചാവേറുകളാക്കുകയാണ്. ജയസാധ്യതയില്ലാത്ത സീറ്റുകളിലാണ് ഇവരെ മത്സരിപ്പിക്കുന്നതെന്നും എം.പിമാര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കി, മുതിര്‍ന്ന നേതാക്കളെ കൂടി പരിഗണിച്ചുള്ള ലിസ്റ്റാകണമെന്നുമായിരുന്നു രാഹുല്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ നിലവിലെ ലിസ്റ്റ് ഇതില്‍ നിന്നും വ്യത്യസ്തമായി ഗ്രൂപ്പ് വീതംവെപ്പാണെന്നാണ് എംപിമാര്‍ ആരോപിക്കുന്നത്. അതിനിടെ സംസ്ഥാന നേതാക്കള്‍ വിളിച്ച യോഗം ചില എം പിമാര്‍ ബഹിഷ്‌ക്കരിച്ചേക്കും.
അതേസമയം, കാണ്‍ഗ്രസിന് അതി നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നാണ് സൂചന. സംസ്ഥാന നേതാക്കള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടേക്കും. സ്‌ക്രീനിംഗ് കമ്മിറ്റി മാനദണ്ഡം നിശ്ചയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.