കൊച്ചി: സംസ്ഥാനത്ത് ഈ വര്‍ഷം ചൂട് അധികമാവില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നുമുതല്‍ അഞ്ചുദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാവുമെന്നും ഇത് താപനില കുറയ്ക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.
പൊതുവേ ചൂടുകൂടിയ പാലക്കാട് അടക്കമുള്ള ജില്ലകളില്‍ താപനിലയില്‍ ചെറിയ വ്യതിയാനമേ ഉണ്ടാവുകയുള്ളു. നിലവിലെ കണക്കുപ്രകാരം ആലപ്പുഴയിലും കോട്ടയത്തുമാണ് ചൂട് കൂടുന്നത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ട്. 12, 13 തീയതികളില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ട്.
ആലപ്പുഴയില്‍ 33 ഡിഗ്രി സെല്‍ഷ്യസാണ് ശരാശരി താപനില. എന്നാല്‍, ചൊവ്വാഴ്ച ഇത് 37 ഡിഗ്രി സെല്‍ഷ്യസാണ്. 34.3 ഡിഗ്രി ശരാശരിയുള്ള കോട്ടയത്ത് ചൊവ്വാഴ്ച 37.3 ഡിഗ്രി സെല്‍ഷ്യസായി. ചൂട് കൂടുതല്‍ അനുഭവപ്പെടുന്ന പാലക്കാട്ടെ താപനില ചൊവ്വാഴ്ച 35.9 ഡിഗ്രി സെല്‍ഷ്യസാണ്. ഇവിടെ ശരാശരി ചൂട് 37 ഡിഗ്രി സെല്‍ഷ്യസാണെന്നും അധികൃതര്‍ പറഞ്ഞു.