തിരുവനന്തപുരം: എസ്‌എസ്‌എല്‍സി-പ്ലസ് ടു പരീക്ഷാ തിയ്യതി മാറ്റുന്നത് സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം ഇന്നോ നാളെയോ ഉണ്ടാകും. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ളതിനാല്‍ മാര്‍ച്ച്‌ 17 മുതല്‍ 30 വരെ നടത്താന്‍ നിശ്ചയിച്ച എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
പരീക്ഷകള്‍ വോട്ടെടുപ്പിനു ശേഷം നടത്തണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സര്‍ക്കാരിന്റെ കത്ത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് അയച്ചിട്ടുണ്ട്. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് ഭരണപക്ഷ അദ്ധ്യാപക സംഘടനയായ കെ എസ് ടി എ നേരത്തെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം മാര്‍ച്ച്‌ 17ന് പരീക്ഷകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷയില്‍ സ്‌കൂളുകളില്‍ നടപടികളും പുരോഗമിക്കുന്നുണ്ട്. പ്ലസ്ടു പരീക്ഷയ്ക്കുള്ള ഹാള്‍ടിക്കറ്റ് വിതരണത്തിനുള്ള ഒരുക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തിയ്യതിയിലെ ആശയക്കുഴപ്പം കാരണം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.