ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുമ്ര വിവാഹിതനാവുന്നു. ടെലിവിഷന്‍ അവതാരക സഞ്ജന ഗണേശനാണ് വധു. 2014ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റാണ് സഞ്ജന. വിവാഹ ഒരുക്കങ്ങള്‍ക്കായി ബുമ്ര ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. വെള്ളിയാഴ്ച തുടങ്ങുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്ബരയിലും ബുമ്ര കളിക്കുന്നില്ല.

ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം ഗോവയില്‍ നടക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന 14 നും 15 നുമാണ് വിവാഹ ചടങ്ങുകള്‍. ഐ.പി.എല്ലില്‍ സ്റ്റാര്‍ സ്പോര്‍ട്സിലെയും, പ്രീമിയര്‍ ബാഡ്മിന്‍റണ്‍ ലീഗിലെയും അവതാരകയായി സഞ്ജന എത്തിയിട്ടുണ്ട്.

നേരത്തെ നടി അനുപമ പരമേശ്വരനുമായി ബുമ്ര പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹത്തിനായി താരം അവധിയെടുത്തതും, അതേസമയം അനുപമ ഗുജറാത്തിലേക്ക് പോയതും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ അനുപമയുടെ മാതാവ് ഇത് നിഷേധിച്ച്‌ രംഗത്തുവന്നിരുന്നു.