പൊന്നാനി: പൊന്നാനിയിലെ സി.പി.എം സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ പാലൊളി മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലും തീരുമാനമായില്ല. ടി.എം സിദ്ധിഖിനെ ഇവിടെ സ്ഥാനാര്ത്ഥിയാക്കണമെന്നുതന്നെയാണ് സി.പി.എം മണ്ഡലം കമ്മിറ്റി യോഗത്തിലും ആവശ്യമുയര്‍ന്നത്. എന്നാല്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായില്ല.
ഇതോടെ തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിടാന്‍ മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടി തന്നെ നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ നിര്‍ദ്ദേശം യോഗം അംഗീകരിച്ചു. ഇതോടെ പി. നന്ദകുമാര്‍ തന്നെ സ്ഥാനാര്‍ഥിയായേക്കുമെന്നാണ് കരുതുന്നത്.
മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി സി.പി.എം നിശ്ചയിച്ച പി.നന്ദകുമാര്‍, പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാവ് ടി.എം സിദ്ധിഖ്, പാലോളി മുഹമ്മദ് കുട്ടി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
സ്ഥാനാര്‍ത്ഥിക്കെതിരെ ജനരോഷം ശക്തമായതിനെ തുടര്‍ന്നാണ് ഇന്ന് മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നത്. എന്നാല്‍ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേരേണ്ടിയിരുന്ന യോഗം മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വി.വി സുരേഷിന്റെ വീട്ടിലാണ് ചേര്‍ന്നത് പാര്‍ട്ടി ഓഫീസില്‍ പ്രതിഷേധമുണ്ടാകുമെന്ന സൂചനയെ തുടര്‍ന്നായിരുന്നു യോഗം ഇവിടേക്കുമാറ്റിയത്.