തൃശൂര്‍: ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു കൊണ്ട്, പാരമ്പര്യപൊലിമയോടെ തൃശൂര്‍ പൂരവും അനുബന്ധ ചടങ്ങുകളും സംഘടിപ്പിക്കുക എന്നത് വിശ്വാസികളുടെ അവകാശമാണെന്ന് ബിജെപി. രാഷ്ട്രീയ സമ്മേളനങ്ങള്‍ക്കും മറ്റു സര്‍ക്കാര്‍ പരിപാടികള്‍ക്കും ബാധകമല്ലാത്ത കൊറോണ പ്രോട്ടോകോള്‍ ക്ഷേത്രോത്സവങ്ങളില്‍ മാത്രം അടിച്ചേല്‍പ്പിക്കുന്നത് ബാലിശമായ നടപടിയായേ കാണാനാകൂ. ഷോപ്പിംഗ് മാളുകളും സിനിമാ തിയേറ്ററുകളും തുറന്ന് പ്രവര്‍ത്തിക്കുന്ന നാട്ടില്‍ പൂരവും, അനുബന്ധ എക്‌സിബിഷനും നടത്താം. ഭക്തര്‍ക്കൊപ്പമാണ് തങ്ങളെന്ന് ബിജെപി കേരളം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

മുഴുവന്‍ മലയാളികളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെ വര്‍ണ്ണചിത്രമായ തൃശ്ശൂര്‍ പൂരം ഇത്തവണയും മുടങ്ങരുതെന്ന ആവശ്യവുമായി നേരത്തെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തുവന്നിരുന്നു. കാസര്‍കോടും മറ്റു ചില സ്ഥലങ്ങളിലും എക്‌സിബിഷനുകള്‍ നിര്‍ബാധം നടത്തുമ്ബോള്‍ തൃശ്ശൂര്‍ പൂരം എക്‌സിബിഷനോട് എന്തിനാണ് വിരോധം? പൂരത്തിന്റെ പ്രധാന വരുമാന മാര്‍ഗം എക്‌സിബിഷന്‍ ആണെന്നിരിക്കെ അത് തകര്‍ക്കരുതെന്നും സന്ദീപ് ആവശ്യപ്പെട്ടിരുന്നു.