പീരുമേട്: ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയം തർക്കത്തെ തുടർന്ന് അനിശ്ചിതത്വത്തിലായി. കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സിറിയക് തോമസിന് തന്നെ സീറ്റ് നൽകണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോൾ മുൻ ഡി.സി.സി പ്രസിഡൻ്റായിരുന്ന റോയ് കെ.പൗലോസിനെ മത്സരിപ്പിക്കണം എന്ന താൽപര്യത്തിലാണ് എ ഗ്രൂപ്പിലെ പ്രബല വിഭാഗം.എന്നാൽ ഐ.എൻ.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.ആർ അയ്യപ്പന് വേണ്ടി ഐ വിഭാഗവും പി.കെ ചന്ദ്രശേഖരന് വേണ്ടി പി.ടി. തോമസ് വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്.സിറിയകിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് ബ്ലോക്ക് പ്രസിഡൻ്റ് എം.എം വർഗീസിൻ്റെ നേതൃത്വത്തിൽ എ ഗ്രൂപ്പിലെ ഒരു വിഭാഗം ഉമ്മൻ ചാണ്ടിക്ക് പരാതിയും നൽകി.

കഴിഞ്ഞ തവണ ഇ.എസ് ബിജിമോളോട് പരാജയപ്പെട്ട സിറിയക്കിനെ രംഗത്തിറക്കി സീറ്റ് നഷ്ടപ്പെടുത്തരുതെന്നാണ് റോയ് കെ.പൗലോസ് പക്ഷം പറയുന്നത്. സിറിയക്കിൻ്റെ കഴിവില്ലായ്മ ജനത്തിനറിയാമെന്നും പാര പണി മാത്രമേ വശമുള്ളു എന്നുമാണ് ഈ വിഭാഗത്തിൻ്റെ അവകാശവാദം. മാർ ജോർജ് ആലഞ്ചേരിയുടെ പിന്തുണ റോയ്.കെ പൗലോസിനാണ്. വരത്തൻമാരെ പീരുമേടിനാവശ്യമില്ല എന്ന രീതിയിലാണ് സിറിയക്ക് പക്ഷം ഇതിനെ പ്രതിരോധിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതയുടെ പിന്തുണ തങ്ങൾക്കാണെന്നാണ് സിറിയക്ക് പക്ഷത്തിൻ്റെ വാദം. സാമുദായിക സമവാക്യവും തൊഴിലാളി പാരമ്പര്യവും തങ്ങളുടെ പക്ഷക്കാരനായ പി.ആർ അയ്യപ്പനനുകൂലമാണെന്നാണ് ഐ വിഭാഗത്തിൻ്റെ അവകാശവാദം.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ച അയ്യപ്പൻ്റെ പരാജയത്തിൽ സിറിയക്ക് തോമസിന് നിർണായക പങ്കുണ്ടെന്നാണ് ഉയർന്നു വരുന്ന ആരോപണം. വാഗമൺ ഡിവിഷനിൽ കോൺഗ്രസിൻ്റെ ക്രിസ്ത്യൻ സ്ഥാനാർത്ഥി പരാജയപ്പെട്ടതും തൊഴിലാളി കുടുംബത്തിൽ ജനിച്ചു വളർന്ന തൊഴിലാളി നേതാവായ അയ്യപ്പന് ജനങ്ങൾക്കിടയിലുള്ള സ്വാധീനവും ഐ ഗ്രൂപ്പ് ഉയർത്തിക്കാണിക്കുന്നു. അയ്യപ്പനെ സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ വൻ പ്രതിഷേധത്തിനാണ് ഐ ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഇതിനിടയിൽ കുളം കലക്കി മീൻ പിടിക്കാനുള്ള തന്ത്രവുമായി പി.ടി തോമസ് വിഭാഗവും രംഗപ്രവേശം ചെയ്തിട്ടുണ്ട്. ക്രൈസ്തവ സഭയോട് അടങ്ങാത്ത പകയുള്ള പി.ടി തോമസ് മുന്നോട്ട് വെക്കുന്നത് പി.കെ ചന്ദ്രശേഖരൻ്റെ പേരാണ്. ജില്ലയിൽ മുഴുവൻ ക്രിസ്ത്യൻ സ്ഥാനാർത്ഥികളാണെന്നും അതിനാൽ പീരുമേട്ടിൽ ഇത്തവണ ഹിന്ദു സ്ഥാനാർത്ഥിയായ പി.കെ ചന്ദ്രശേഖരനെ മത്സരിപ്പിക്കണമെന്നും ഇല്ലെങ്കിൽ സഭയുടെ നോമിനികളായി എത്തുന്നവരെ പരാജയപ്പെടുത്തുമെന്നുമാണ് പി.ടി തോമസ് വിഭാഗത്തിൻ്റെ പക്ഷം.