കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടാംദിവസവും കര്‍ഫ്യൂ ആരംഭിച്ച സമയത്ത് വന്‍ ഗതാഗതക്കുരുക്ക് . കര്‍ഫ്യൂ ആരംഭിച്ച വൈകുന്നേരം അഞ്ചിനു മുമ്പുള്ള മണിക്കൂറില്‍ കൂടുതല്‍ വാഹനങ്ങള്‍ റോഡില്‍ കുരുങ്ങിയതോടെ രാജ്യവ്യാപകമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കര്‍ഫ്യൂസമയം ആരംഭിച്ചിട്ടും നിരത്തുകളില്‍ വാഹനം നിറഞ്ഞിരുന്നു .
ഒരേസമയം ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് യാത്ര ചെയ്തവരാണ് അപ്രതീക്ഷിതമായി കുരുക്കില്‍ അകപ്പെട്ടത് .എന്നാല്‍ പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തില്ല .അഞ്ചരയോടെ നിരത്തുകള്‍ ഒഴിഞ്ഞു. വൈകീട്ട് അഞ്ചുമുതല്‍ പുലര്‍ച്ച അഞ്ചുവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതിനിടെ ഗതാഗതക്കുരുക്കില്പെടുന്നവര്ക്കായി അര മണിക്കൂര്‍ ഇളവ് അനുവദിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. പ്രത്യേക ഉത്തരവ് ഇറക്കിയില്ലെങ്കിലും അരമണിക്കൂര്‍ കര്‍ഫ്യൂ ലംഘനത്തിന് നടപടി സ്വീകരിക്കേണ്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് വിവരം.
പൊതുഗതാഗത സംവിധാനമായ ബസുകള്‍ക്ക് ഗാരേജിലേക്ക് പോകാന്‍ ഒരു മണിക്കൂര്‍വരെ അധിക സമയം അനുവദിക്കാനും പൊതുസുരക്ഷകാര്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.