കൊല്ലം : ഒരു പ്രദേശത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ ഉള്ള വീടുകളെയും ഭീതിയിലാഴ്ത്തിയിരിക്കുന്ന സംഭവ വികാസങ്ങളില്‍ പകച്ചിരിക്കുകയാണ് ഒരു പ്രദേശം. ഇപ്പോള്‍ പെണ്‍കുട്ടികളുള്ള വീടുകള്‍ക്കു മുന്പില് പകല്‍ എഴുന്നേറ്റു നോക്കുമ്ബോള്‍ ചെരുപ്പുകള്‍ കാണുന്നതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്.
പെണ്‍കുട്ടികള്‍ ഉള്ള വീടുകളുടെ മുറ്റത്ത് മാത്രമാണ് ഈ ചെരുപ്പുകള്‍ കണ്ടെത്തിയിരിക്കുന്നത് എന്നതാണ് ഭയപ്പെടുത്തുന്ന സത്യം. ഇതിനു പിന്നിലുള്ള കാരണം എന്താണ് എന്ന് ഇതുവരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
രാത്രിയില്‍ അജ്ഞാതര്‍ പുത്തന്‍ പാദരക്ഷകള്‍ കൊണ്ടുവന്നു വച്ച സംഭവത്തില്‍ ഒരു മാസമായിട്ടും തുമ്ബില്ലാതെ പൊലീസ് വലയുകയാണ്. കൊട്ടിയം പൊലീസ് സ്റ്റേഷന് പരിധിയിലെ മൂന്നു കിലോമീറ്റര്‍ ചുറ്റളവിലായി രണ്ടു പ്രദേശങ്ങളിലെ വീടുകള്‍ക്കു മുന്‍പിലാണ് രണ്ടു ദിവസങ്ങളിലായി പുതിയ ചെരുപ്പുകള്‍ കണ്ടത്.
ഓരോ വീട്ടിലെയും പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് പുതിയ മോഡല്‍ ചെരുപ്പുകളാണ് കണ്ടെത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ചില മോഷണസംഘങ്ങള്‍ വീട് അടയാളപ്പെടുത്തുന്നതിനു സമാനമാണ് ‘ചെരുപ്പടയാളം’ എന്നു ഭീതി പരന്നെങ്കിലും അപകടകരമായ ഒന്നും സംഭവത്തിനു പിന്നിലില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
ഫെബ്രുവരി 2നു പട്ടരമുക്കില്‍ പ്രഭാതസവാരിക്കിറങ്ങിയവരാണ് ആദ്യം ചെരുപ്പുകള്‍ കണ്ടത്. ചിലത് തെരുവുനായ്ക്കള്‍ കടിച്ചു കീറിയിരുന്നെങ്കിലും മിക്കതിനും കേടുപാടുകളുണ്ടായിരുന്നില്ല. വൈകാതെ കൂടുതല്‍ വീടുകള്‍ക്കു മുന്പില് ചെരുപ്പുകള്‍ കണ്ടെത്തി.
ആരെങ്കിലും ഉപേക്ഷിച്ചു പോയതാകാമെന്നു കരുതി ആളുകള്‍ ചെരുപ്പിന്റെ കാര്യം മറന്നു. എന്നാല്‍, നാലു ദിവസം കഴിഞ്ഞ് ഉമയനല്ലൂര്‍ ക്ഷേത്രത്തിനു മുന്നിലെ റോഡിലും ആലുംമൂട് ഭാഗത്തും ചെരുപ്പുകള്‍ കണ്ടെത്തിയതോടെ ഭീതി ജനിച്ചു.
ചെരുപ്പുകള്‍ വലിച്ചെറിയുന്നതിനു പകരം ഓരോ ജോഡി ചെരുപ്പും കൃത്യമായി കൊണ്ടുവന്നുവച്ച നിലയിലായിരുന്നു ഉണ്ടായിരുന്നത്. വീടുകളിലെ പെണ്‍കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചാണ് ചെരുപ്പുകള്‍ വച്ചിരുന്നതെന്ന് അറിഞ്ഞതോടെ ഭീതി വര്‍ദ്ധിക്കുകയും ചെയ്തു.
നാട്ടുകാര്‍ കൊട്ടിയം പൊലീസിനെ വിവരമറിയിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ, മൂന്നാംദിവസം അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലംമാറിപ്പോയി. നടപടികള്‍ നിലച്ചു. കുട്ടികളില്ലാത്തവര്‍ സന്താനസൗഭാഗ്യത്തിനായി ചെയ്ത മന്ത്രവാദമാണെന്നും മാനസിക അസ്വാസ്ഥ്യമുള്ള ആരെങ്കിലും ചെയ്തതാകാമെന്നും പലരും പറഞ്ഞുണ്ടാക്കി.
കടകള്‍ കാലിയാക്കുമ്പോള്‍ ബാക്കി വന്ന ചെരുപ്പുകള്‍ ആരെങ്കിലും സദുദ്ദേശ്യത്തോടെ വീടുകള്‍ക്കു മുന്പില് കൊണ്ടുവന്നു വച്ചതാവാം എന്നായിരുന്നു ആദ്യത്തെ സംശയം. രാത്രി തിരഞ്ഞെടുത്തതും രണ്ടു തവണയായി ചെരുപ്പുകള്‍ കണ്ടതും ഈ സംശയത്തിന്റെ സാധ്യത ഇല്ലാതാക്കി. പ്രദേശത്തെ വ്യാപാരികളുടെ സഹായത്തോടെ യുവാക്കള്‍ നടത്തിയ അന്വേഷണത്തില്‍ അടുത്ത പ്രദേശത്തൊന്നും ചെരുപ്പുകടകള്‍ പൂട്ടിയിട്ടില്ലെന്നു കണ്ടെത്തി.
വഴിയോരക്കച്ചവടക്കാരുടെ നന്മ നിറഞ്ഞ പ്രവൃത്തിയായിരിക്കാമെന്നതായി അടുത്ത സംശയം. പക്ഷേ, കടകളില്‍ മാത്രം ലഭിക്കുന്ന മോഡലുകളായിരുന്നു മിക്കതും. കടയില്‍നിന്നു മോഷ്ടിച്ച ചെരുപ്പ് ഉപേക്ഷിച്ചതാവാമെന്ന സംശയവും അസ്ഥാനത്തായി.
രണ്ടു തവണയായി, ഓരോ വീടിനു മുന്‍പിലും ഉപേക്ഷിക്കുമ്പോള്‍ പിടിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ചെരുപ്പിലോ അതിനകത്തോ എന്തെങ്കിലും സന്ദേശങ്ങളോ അസ്വാഭാവികമായ അടയാളങ്ങളോ കണ്ടെത്താനും കഴിഞ്ഞില്ല.