ലണ്ടന്‍ | ബ്രിട്ടീഷ് രാജ കുടുംബത്തില്‍ നിന്നും നേരിട്ടിരുന്ന കടുത്ത അവഗണനയും വിവേചനവും വെളിപ്പെടുത്തി ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെ ഭാര്യ മേഗന്‍ മാര്‍ക്കിള്‍. കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ നേരിട്ട താന്‍ ആത്മഹത്യയെക്കുറിച്ച്‌ പോലും ചിന്തിച്ചിട്ടുണ്ടെന്നും മേഗന്‍ പറഞ്ഞു. യുഎസ് മാധ്യമമായ സിബിഎസില്‍ ഓപ്ര വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മേഗന്‍ ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.

മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ വൈദ്യസഹായം ആവശ്യപെട്ടപ്പോള്‍ അതു നിക്ഷേധിച്ചു. പാസ്‌പോര്‍ട്ട് , തിരിച്ചറിയല്‍ രേഖകള്‍ എന്നിവപോലും കൈവശം വെക്കാന്‍ പോലും രാജകുടുബം അനുവദിച്ചില്ലെന്നുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് മേഗന്‍ ഉന്നയിക്കുന്നത്. തന്റെ മകന്‍ ആര്‍ച്ചിയ്ക്ക് രാജകുടുംബത്തില്‍ യാതൊരു അവകാശങ്ങളും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് ഹാരി തന്നെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതിലും ഭീകരമായിരുന്നു അവസ്ഥയെന്നും മേഗന്‍ പറയുന്നു. തന്റെ മാതാവ് കറുത്തവംശജയും പിതാവ് വെളുത്ത വംശജനും ആയതിനാലാണ് രാജ കുടുംബത്തില്‍ നിന്നും അവഗണനകള്‍ നേരിടേണ്ടി വന്നതെന്നും മേഗന്‍ വ്യക്തമാക്കുന്നു.

2020 ജനുവരിയിലാണ് കൊട്ടാരത്തിലെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോകുന്നതായി ഹാരി പ്രഖ്യാപിച്ചത്. ഹാരി, മേഗനെ പ്രണയിച്ചാണ് വിവാഹം കഴിച്ചത് . മേഗന്‍ ഹോളിവുഡ് നടിയും അമേരിക്കക്കാരിയും വിവാഹമോചിതയും, ഭാഗീകമായി കറുത്ത വര്‍ഗ്ഗക്കാരിയുമാണ്. മേഗന്റെ വെളിപ്പെടുത്തലുകള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.