പുരാതന നിയമ സംഹിതയായ മനുസ്‌മൃതിയിലെ വാചകം ഉപയോഗിച്ച്‌ വനിതാ ദിന ആശംസകള്‍ നേര്‍ന്ന നടന്‍ മോഹന്‍ലാലിനെ വിമര്‍ശിച്ച്‌ സോഷ്യല്‍ മീഡിയ. പിതൃമേധാവിത്ത ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വാചകങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു ഗ്രന്ഥത്തില്‍ നിന്നുമുള്ള വാചകങ്ങള്‍ തന്നെ സ്ത്രീകള്‍ക്ക് ആശംസ പകരാന്‍ ഉപയോഗിക്കണമായിരുന്നോ എന്നാണ് ഇവരുടെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് മോഹന്‍ലാലിന്റെ സോഷ്യല്‍ മീഡിയാ പോസ്റ്റിന്റെ കീഴിലായി എത്തിയത്.

മോഹന്‍ലാല്‍ കുറിച്ച മനുസ്മൃതിയില്‍ നിന്നുമുള്ള വാചകം:

‘yatra nāryastu pūjyante ramante tatra devatāḥ। yatraitāstu na pūjyante sarvāstatrāphalā:’
(സ്ത്രീ എവിടെ ആദരിക്കപ്പെടുന്നുവോ, അവിടെ ദൈവികത വിടരുന്നു
എന്നാല്‍ സ്ത്രീ അപമാനിക്കപ്പെടുന്നിടത്ത്, എല്ലാ പ്രവര്‍ത്തനങ്ങളും വിഫലമായിത്തീരുന്നു.)

ഈ വാചകം തന്നെ സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും സ്ത്രീകളെ പ്രത്യേകം ആദരിക്കേണ്ടതില്ലെന്നും ചിലര്‍ അഭിപ്രായപ്പെടുമ്ബോള്‍ മനുസ്മൃതിയിലെ വാചകം ഉപയോഗിച്ചുകൊണ്ട് വനിതാ ദിന ആശംസകള്‍ നേരുന്നതിലും നല്ലത് മിണ്ടാതെയിരിക്കുന്നതാണെന്നും മറ്റുചിലര്‍ പറയുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ പോസ്റ്റിനെ വിമര്‍ശിക്കുന്നവരെ തിരിച്ച്‌ ആക്രമിക്കുന്ന ഏതാനും ചിലരെയും കമന്റ് ബോക്സില്‍ കാണാവുന്നതാണ്. മോഹന്‍ലാലിന്റെ പോസ്റ്റില്‍ തെറ്റേതുമില്ല എന്നിവര്‍ അഭിപ്രായപ്പെടുന്നു.