ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടിയുമായി സഖ്യമുണ്ടാക്കി അസദുദ്ദീൻ ഒവൈസി. മൂന്നിടങ്ങളിലാണ് എ ഐ എം ഐ എം മത്സരിക്കുക. മുന്നണിയുടെ സീറ്റ് വിഭജന ചർച്ചകളിലാണ് ഇക്കാര്യം ധാരണയായിരിക്കുന്നത്. വാണിയമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ സീറ്റുകളിലാണ് അഖിലേന്ത്യാ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്ലീമിൻ പാർട്ടി മത്സരിക്കുക.

മത്സരിക്കാൻ ആഗ്രഹിക്കുന്ന 20 സീറ്റുകളുടെ പട്ടിക നേരത്തെ എ ഐ എം ഐ എം തമിഴ്‌നാട് ഘടകം ഒവൈസിയ്ക്ക് കൈമാറിയിരുന്നു. തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തെ തന്നെ ഒവൈസി വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. സഖ്യം സംബന്ധിച്ച വിവരങ്ങളിൽ ഉൾപ്പെടെ ഇപ്പോഴാണ് സ്ഥിരീകരണം ഉണ്ടായത്.

ഡിഎംകെ- കോൺഗ്രസ് സഖ്യത്തിനൊപ്പം ചേരാൻ ഒവൈസി താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റേയും മനിതനേയ മക്കൾ കക്ഷിയുടെയും എതിർപ്പിനെ തുടർന്ന് ഒവൈസി തീരുമാനം മാറ്റുകയായിരുന്നു.

ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ്. മെയ് 2 നാണ് വോട്ടെണ്ണൽ. ഒറ്റ ഘട്ടമായാണ് തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പ് നടത്തുന്നത്.