മുംബൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി മഹാരാഷ്ട്രാ സർക്കാർ. പുതിയ രോഗികളുടെ എണ്ണം സംസ്ഥാനത്ത് നിയന്ത്രണാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണം കടുപ്പിക്കാൻ സർക്കാർ തയ്യാറാകുന്നത്. പത്ത് ദിവസത്തിനുള്ളിൽ കൊറോണ വ്യാപനം നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിൽ സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അസ്ലം ഷെയ്ക്ക് അറിയിച്ചു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു. കൊറോണ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയെടുക്കും. നിയന്ത്രണങ്ങളുടെ ആദ്യഘട്ടമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്ക് ക്വാറന്റീൻ നിർബന്ധമാക്കും, കൊറോണ പരിശോധന വർദ്ധിപ്പിക്കും, വാക്‌സിനേഷന്റെ വേഗത വർദ്ധിപ്പിക്കും, കൊറോണ കേസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽ ഭാഗീകമായി ലോക്ഡൗൺ ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 11,141 പേർക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1361 രോഗികളും മുംബൈ നഗരത്തിൽ നിന്നുള്ളവരാണ്. 131 ദിവസത്തിനിടെ നഗരത്തിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. അതേസമയം കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്രസംഘം വീണ്ടും മഹാരാഷ്ട്രയിലെത്തും.