കോഴിക്കോട്: പൊന്നാനിയ്ക്ക് പിന്നാലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രതിഷേധിച്ച് കുറ്റ്യാടിയിലും പ്രതിഷേധം. കുറ്റ്യാടി സീറ്റ് കേരളാ കോൺഗ്രസ് എമ്മിന് വിട്ടു നൽകാനുള്ള പാർട്ടി തീരുമാനത്തിനെതിരെയാണ് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്. വർഷങ്ങളായി സിപിഎമ്മാണ് കുറ്റ്യാടിയിൽ മത്സരിക്കുന്നത്. എന്നാൽ ഇത്തവണ കുറ്റ്യാടി സീറ്റ് സിപിഎം കേരളാ കോൺഗ്രസിന് വിട്ടു നൽകുകയായിരുന്നു.

ഇക്കാര്യം സംബന്ധിച്ച് കഴിഞ്ഞ ദിവസവും പ്രവർത്തകർ നേതാക്കളെ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്നത്തെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കൂടി കഴിഞ്ഞതോടെയാണ് ശക്തമായ പ്രതിഷേധം നടത്താൻ സിപിഎം പ്രവർത്തകർ തീരുമാനിച്ചത്. കോഴിക്കോട് മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ പി കുഞ്ഞഹമ്മദ് മാസ്റ്ററെയാണ് നേരത്തെ സിപിഎം സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സീറ്റ് നിർണയ ചർച്ചകളുടെ അവസാന ഘട്ടത്തിൽ ഈ സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് നൽകാൻ പാർട്ടി തീരുമാനിക്കുകയായിരുന്നു.

ആദ്യ ഘട്ടത്തിൽ ജോസ് കെ മാണി വിഭാഗത്തിന് തിരുവമ്പാടി സീറ്റ് നൽകാനായിരുന്നു പാർട്ടി തീരുമാനിച്ചിരുന്നത്. പിന്നീടാണ് തിരുവമ്പാടിയെ ഒഴിവാക്കി ഏറെക്കാലമായി സിപിഎം ജയിച്ചു പോന്നിരുന്ന സീറ്റായ കുറ്റ്യാടി വിട്ടു നൽകാൻ തീരുമാനിച്ചത്. പാർട്ടിക്കുള്ളിലെ തന്നെ ചിലരുടെ കളികളാണ് തീരുമാനത്തിന് പിന്നിലെന്നും കെ പി കുഞ്ഞഹമ്മദ് മാസ്റ്ററെ ഒതുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ടി എം സിദ്ദിഖിനെ ഒഴിവാക്കി സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയായിരുന്നു പൊന്നാനിയിൽ പ്രതിഷേധ പ്രകടനം നടന്നത്.