കല്‍പ്പ: അത്യാസന്ന നിലയിലുള്ള കൊറോണ രോഗികളുടെ പ്ലാസ്മതെറാപ്പി ചികിത്സിക്കാനായി ആവശ്യമായ പ്ലാസ്മ നല്‍കുന്നതില്‍ രോഗവിമുക്തി നേടിയവരില്‍ വിമുഖത. ജില്ലയില്‍ ഇതിനോടകം 231 യൂണിറ്റ് പ്ലാസ്മയാണ് ലഭിച്ചത്. യാതൊരു ദോഷഫലങ്ങളുമില്ലാത്ത പ്ലാസ്മദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് പ്ലാസ്മനല്‍കുന്നതിന് തടസ്സമാവുന്നതെന്നാണ് സൂചന.

കൊറോണ വൈറസ് ബാധയില്‍ മുക്തരായവരുടെ രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചെടുത്ത് കടുത്ത രോഗമുള്ളവര്‍ക്ക് നല്‍കുന്ന ചികിത്സാ രീതിയാണ് കോണ്‍വാലസന്റ് പ്ലാസ്മ തെറാപ്പി. രോഗം ഭേദമായി 28 ദിവസത്തിനും മൂന്ന് മാസത്തിനിടിയിലുമുള്ളവരില്‍ നിന്നാണ് രക്തം ശേഖരിച്ച്‌ പ്ലാസ്മ വേര്‍തിരിച്ചെടുക്കുന്നത്. പതിനെട്ടിനും അറുപത് വയസിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് പ്ലാസ്മ ശേഖരിക്കുക. എന്നാല്‍ കോവിഡ് രോഗവിമുക്തി നേടിയവര്‍ പ്ലാസ്മ നല്‍കുന്നതില്‍ വൈമനസ്യം കാണിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് വരെ ജില്ലയില്‍ 231 യൂണിറ്റ് പ്ലാസ്മമാത്രമാണ് ജില്ലാ ആശുപത്രിയിലെ രക്തബാങ്കിലൂടെ ലഭ്യമായത്. ഇതില്‍ 200 ഓളം യൂണിറ്റ് നൂറോളം രോഗികള്‍ക്കായി നല്‍കുകയും ചെയ്തു.

രക്തദാനം ചെയ്യുന്നത് പോലെ ലഘുവായ പ്രക്രിയയാണിതെന്നും യാതൊരുവിധ ആശങ്കക്കും അടിസ്ഥാനമില്ലെന്നും ജില്ലാ ആശുപത്രിയിലെ ബ്ലഡ്ബാങ്ക് ചുമതലയുള്ള ഡോക്ടര്‍ ബിനീജ മെറിന്‍ പറയുന്നു. കൂടുതല്‍ പേര്‍ പ്ലാസ്മ നല്‍കാന്‍ തയ്യാറായി മുന്നോട്ട് വന്നാല്‍ ഗുരുതരാവസ്ഥയിലുള്ള കൊറോണ രോഗികളുടെ ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.