കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണ വേട്ട. വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്താൻ ശ്രമിച്ച 68 ലക്ഷം രൂപയുടെ സ്വർണ്ണം അധികൃതർ പിടികൂടി. രണ്ടു പേരിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്.

കാസർകോട് സ്വദേശിനിയായ യുവതിയിൽ നിന്നും 840 ഗ്രാം സ്വർണ്ണവും ഷാർജയിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്നും 884 ഗ്രാം സ്വർണ്ണവും പിടികൂടി. അടിവസ്ത്രത്തിലൊളിപ്പിച്ച നിലയിലാണ് കാസർകോട് സ്വദേശിനി സ്വർണ്ണം കടത്താൻ ശ്രമിച്ചത്.

കഴിഞ്ഞ ദിവസവും കരിപ്പൂരിൽ നിന്നും സ്വർണ്ണം പിടികൂടിയിരുന്നു. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 856 ഗ്രാം സ്വർണമാണ് കഴിഞ്ഞ ദിവസം കണ്ടെടുത്തത്. പിടികൂടിയ സ്വർണത്തിന് ഏകദേശം 34 ലക്ഷം രൂപ വില വരും. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മുഹമ്മദ് ജസീം എന്നയാൾ അറസ്റ്റിലാകുകയും ചെയ്തിരുന്നു.