കൊച്ചി: രാഷ്ട്രീയ സ്വയംസേവക സംഘത്തെ നയിച്ച മഹാരഥന്മാരുടെ ജീവചരിത്രം പരിചയപ്പെടുത്തുന്ന ‘സംഘം ശരണം ഗച്ഛാമി’ എന്ന പുസ്തകത്തിന്റെ പ്രകാശനം കൊച്ചിയിൽ നടന്നു. ശരത് എടത്തിൽ രചിച്ച പുസ്തകത്തിന്റെ ആദ്യ പ്രതി ആർ.എസ്.എസ് മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ. ഹരി മുതിർന്ന പ്രചാരകൻ എം. എ കൃഷ്ണന് കൈമാറി. എസ്. സേതുമാധവൻ, എ. ഗോപാലകൃഷ്ണൻ തുടങ്ങിയ കേരളത്തിലെ മുതിർന്ന കാര്യകർത്താക്കൾ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുത്തു.
നൂറ്റാണ്ടിനോടടുക്കുന്ന സംഘഗാഥയുടെ ചരിത്രമെന്നത് അതിൽ പ്രവർത്തിച്ച നൂറുകണക്കിനാളുകളുടെ ജീവചരിത്രത്തിന്റെ ആകെത്തുകയാണ്. സംഘ ചരിത്രത്തിലെ മഹാരഥന്മാരെ പരിചയപ്പെടുത്തുകയാണ് സംഘം ശരണം ഗച്ഛാമി എന്ന പുസ്തകം.
ഹെഡ്‌ഗേവാർ മുതൽ മൊറോപന്ത് പിൻഗളെ വരെയുള്ള 26 കാര്യകർത്താക്കളുടെ ജീവിതമാണ് സംഘം ശരണം ഗച്ഛാമി എന്ന പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് ശരത് എടത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. കുരുക്ഷേത്ര പ്രകാശൻ പ്രസാധനം ചെയ്യുന്ന പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ആർ. ഹരിയാണ്.