ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപനം അന്തിമ ഘട്ടത്തിലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ വർദ്ധൻ. ഈ ഘട്ടം വിജയിക്കാൻ വാക്‌സിനേഷൻ ഡ്രൈവിൽ നിന്നും രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി മെഡിക്കൽ അസോസിയേഷന്റെ 62 -ാമത് മെഡികോൺ കോൺഫറൻസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്‌സിനുകളുടെ ഫലപ്രാപ്തിയിലും ജനങ്ങൾ വിശ്വാസം അർപ്പിക്കണം. പ്രിയപ്പെട്ടവർക്ക് കൃത്യസമയത്ത് വാക്‌സിനേഷൻ ലഭിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പാക്കണം. ഇതുവരെ രണ്ടു കോടിയോളം പേർക്കാണ് രാജ്യത്ത് വാക്‌സിൻ നൽകിയിരിക്കുന്നത്. 15 ലക്ഷത്തോളം പേർക്ക് നിലവിൽ രാജ്യത്ത് പ്രതിദിനം വാക്‌സിൻ നൽകുന്നുണ്ട്.

ഫലപ്രാപ്തിയും രോഗപ്രതിരോധ ശേഷിയുമുണ്ടെന്ന് തെളിയിക്കപ്പെട്ട വാക്‌സിനുകളാണ് ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തെ ഫാർമസിയായി മാറി. 62 ഓളം വിദേശ രാജ്യങ്ങൾക്ക് 5.51 കോടി കൊറോണ വാക്‌സിൻ ഡോസുകൾ ഇന്ത്യ വിതരണം ചെയ്തു. ആഗോള പ്രതിസന്ധിക്കിടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര സഹകരണത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയായി തീർന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.