തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമം തുടരുന്നു. തിരുവനന്തപുരം ഉൾപ്പെടെയുള്ള ജില്ലകളിൽ വാക്‌സിൻ ക്ഷാമം കുത്തിവെപ്പ് പ്രക്രിയയെ ബാധിച്ചു. സ്വകാര്യ ആശുപത്രികളിലേക്കുള്ള വാക്സിൻ വിതരണം താത്ക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

കൂടുതൽ സർക്കാർ, സ്വകാര്യ ആശുപത്രികളെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും കുത്തിവെപ്പുകളുടെ എണ്ണം കുറക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാർക്ക് മാത്രം വാക്‌സിനേഷൻ നൽകിയാൽ മതിയെന്നാണ് നിർദ്ദേശം. എന്നാൽ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ പേര് പറഞ്ഞ് നിരവധിയാളുകളാണ് അനധികൃതമായി വാക്‌സിൻ സ്വീകരിക്കുന്നത്.

37,000ത്തിൽ താഴെ മാത്രമാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ആകെ എണ്ണമെന്നിരിക്കെ 60,000ത്തിൽ അധികം ആളുകളാണ് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ കോഴിക്കോടും വാക്സിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോർട്ട്. കോഴിക്കോട് 400ന് പകരം നൽകുന്നത് 100 ഡോസുകൾ മാത്രമാണ്. നാളെ വാക്‌സിൻ എത്തിയില്ലെങ്കിൽ വാക്‌സിനേഷൻ നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളത്.