ബ്രിഗേഡ് മൈതാനിയിലെ ജനക്കൂട്ടത്തിന് മുന്നില്‍ ഇരുകയ്യും ഉയര്‍ത്തി അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രസംഗത്തിലുടനീളം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും ഇടതു പാര്‍ട്ടികളെയും രൂക്ഷമായി വിമര്‍ശിക്കാനും പ്രധാനമന്ത്രി മറന്നില്ല. മമത ബാനര്‍ജി ഭരിക്കുന്നത് മരുമകനും സ്വന്തക്കാര്‍ക്കും വേണ്ടിയാണെന്നും ബ്രിഗേഡ് മൈതാനിയിലെ ജനക്കൂട്ടം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പതനത്തിന്റെ സൂചനയാണെന്നും മോദി പറഞ്ഞു.

ബ്രിഗേഡ് മൈതാനിയില്‍ നടന്ന കൂറ്റന്‍ റാലിയില്‍ നരേന്ദ്രമോദി യഥാര്‍ത്ഥ മാറ്റം എന്ന മുദ്രവാക്യത്തില്‍ ഊന്നിയാണ് സംസാരിച്ചത്. മോദിയെ കാണാന്‍ വന്‍ ജനാവലി തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഈ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത 25 വര്‍ഷത്തേക്കുള്ള ബംഗാളിന്റെ തറക്കല്ല് ഇടലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ സാധാരണക്കാരന്റെ ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ മമതക്ക് കഴിഞ്ഞില്ല. മമത മരുമകനും ബന്ധുക്കള്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടിയാണ് ഇക്കാലമത്രേയും ഭരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ മമതയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഇടത് പക്ഷം മൂന്ന് പതിറ്റാണ്ട് ഭരിച്ചെങ്കിലും ഒന്നും ചെയ്തില്ലെന്നും മോദി കുറ്റപ്പെടുത്തി.

അതേസമയം, നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മമ്ത ബാനര്‍ജിയും രംഗത്തെത്തി. ബംഗാളില്‍ മാറ്റം വരുമെന്നാണ് ബിജെപി പറയുന്നത്. ടിഎംസി ബംഗാളില്‍ തന്നെ കാണും. യഥാര്‍ത്ഥ മാറ്റം ഡല്‍ഹിയില്‍ ആണ് ഉണ്ടാകാന്‍ പോകുന്നതെന്നും മമത പറഞ്ഞു.