തെരഞ്ഞെടുപ്പ് കാലഘട്ടങ്ങളില്‍ മാത്രം സജീവമാകുന്ന ഒരു ആര്‍മിയുണ്ട്, പി ജെ ആര്‍മി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാതെ വന്നതോടെയാണ് പി ജെ ആര്‍മി വീണ്ടും തലപൊക്കിയത്. സി പി എമ്മിന്റെ തീരുമാനത്തിനെതിരെ അണികള്‍ തന്നെ നേരിട്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍, തനിക്ക് വേണ്ടി സംസാരിച്ചവരെ പി ജയരാജന്‍ തന്നെ തള്ളിപ്പറഞ്ഞതോടെ അണികളും കലിപ്പിലാണ്.

ഇതോടെ, പി ജെ ആര്‍മിയുടെ പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റിയാണ് ഇവര്‍ പ്രതിഷേധം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രമാണ് പുതിയ പ്രൊഫൈല്‍ ചിത്രമായി ചേര്‍ത്തിരിക്കുന്നത്. ക്യാപ്റ്റന്‍ എന്ന അടിക്കുറിപ്പോടെയാണ് പിണറായി വിജയന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, പേജിന്റെ കവര്‍ ചിത്രത്തില്‍ ഇപ്പോഴും പി ജയരാജന്‍ തന്നെയാണ്.

പി ജയരാജന്റെ ഫാന്‍ പേജായ പിജെ ആര്‍മിയില്‍ പി ജയരാജന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉണ്ടായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഈ പേജുമായി തനിക്ക് ബന്ധമില്ലെന്ന് പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. സ്ഥാനാര്‍ത്ഥിത്വവുമായി തന്റെ പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍ വിട്ട് നില്‍ക്കണമെന്ന് പി ജയരാജന്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. പിജെ ആര്‍മി എന്ന പേരില്‍ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച്‌ നവമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ക്ക് ഞാനുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ജയരാജന്‍ വ്യക്തമാക്കിയത്. അറിവോ സമ്മതമോ ഇല്ലാതെ എന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച്‌ പാര്‍ട്ടിക്ക് നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും ജയരാജന്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫാന്‍ പേജിലെ പ്രൊഫൈല്‍ ചിത്രം മാറിയത്.