ലക്‌നൗ : നൂറ് ദിവസമായാലും നൂറ് വർഷമായാലും കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവർക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക വാദ്ര. ഉത്തർപ്രദേശിലെ മീററ്റിൽ നടന്ന കിസാൻ മഹാപഞ്ചായത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രിയങ്ക പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ചത്. കൈലി ഗ്രാമത്തിൽ നടന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കാൻ ട്രാക്ടർ ഓടിച്ചാണ് പ്രയങ്ക എത്തിയത്.

ആരും പ്രതീക്ഷ കൈവിടരുത്. നൂറ് ആഴ്ചകളോ നൂറ് മാസങ്ങളോ പിന്നട്ടാലും കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ നാം പോരാടും. അതിന് മുഴുവൻ പിന്തുണയും കോൺഗ്രസ് നൽകുമെന്നും പ്രിയങ്ക പ്രഖ്യാപിച്ചു. രാജ്യത്ത് കാർഷിക വായപ 15000 കോടി കടന്നിരിക്കുകയാണ്. കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടിയാണോ അതോ ജനങ്ങൾക്കെതിരാണോ പ്രവർത്തിക്കുന്നത് എന്നത് എല്ലാവരും മനസിലാക്കണം. കേന്ദ്രം പുറത്തിറക്കിയ നിയമങ്ങളെല്ലാം കർഷകർക്ക് വേണ്ടിയാണെങ്കിൽ പിന്നെ എന്തിനാണ് അവർ അതിർത്തിയിൽ പ്രതിഷേധം നടത്തുന്നതെന്നും പ്രിയങ്ക ചോദിച്ചു.

പ്രതിഷേധക്കാർക്കെതിരെ കേന്ദ്രം പെരുമാറുന്ന ഈ രീതി രാജ്യത്തിന്റെ ജനാധിപത്യത്തിൽ തന്നെ കറുത്ത അധ്യയമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. അതിർത്തിയിലെ സമരം നൂറാം നാളിൽ എത്തിയ ദിവസമാണ് കോൺഗ്രസ് ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചത്.