തിരുവനന്തപുരം : ശംഖുമുഖത്ത് തടിച്ച് കൂടിയ കാവിക്കടലിനെ സാക്ഷിയാക്കി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിച്ച വിജയ യാത്രയ്ക്ക് സമാപനം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനസാഗരത്തെ അഭിസംബോധന ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് കാസർകോട് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് വിജയ യാത്ര ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കേരളത്തെ ഇളക്കി മറിച്ചുകൊണ്ട് നടത്തിയ യാത്ര ബിജെപിയ്ക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

യാത്രയിലുടനീളം കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ പങ്കെടുത്തു. യോഗി തുടക്കത്തിലും അമിത് ഷാ സമാപനത്തിലും പങ്കെടുത്ത യാത്രയിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമ്മലാ സീതാരാമൻ, മന്ത്രിമാരായ സ്മൃതി ഇറാനി, ആർകെ സിംഗ്, പ്രഹ്ലാദ് ജോഷി, യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വ സൂര്യ, ചലച്ചിത്ര താരം ഖുഷ്ബു സുന്ദര്‍, മീനാക്ഷിലേഖി എംപി, അണ്ണാമലെ ഐ.പി.എസ് തുടങ്ങിയ നേതാക്കളുടെ വലിയ നിരതന്നെ കേരളത്തിലെത്തി.

ഒപ്പം നിരവധി പ്രമുഖരാണ് യാത്രയിൽ വച്ച് ബിജെപി അംഗത്വം സ്വീകരിച്ചത്. ഇതിൽ മെട്രോമാൻ ഇ ശ്രീധരൻ അടക്കമുള്ളവരും ഉൾപ്പെടുന്നു.