തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരനെ ബിജെപി വേദിയിൽ പരസ്യമായി ആദരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് വിജയയാത്രയുടെ സമാപന സമ്മേളന വേദിയിലാണ് ഇ ശ്രീധരന്റെ പ്രവർത്തനങ്ങൾക്കുളള അംഗീകാരമായി അമിത് ഷാ അദ്ദേഹത്തെ ആദരിച്ചത്. അമിത് ഷായെ പൊന്നാട അണിയിക്കാൻ വേദിയിലെത്തിയ ഇ ശ്രീധരനിൽ നിന്നും ആ പൊന്നാട വാങ്ങി അമിത് ഷാ അദ്ദേഹത്തെ തിരിച്ചണിയിക്കുകയായിരുന്നു. അമ്പരപ്പ് വിട്ടുമാറാതെ ഇ ശ്രീധരൻ നിൽക്കുമ്പോൾ നിറഞ്ഞ കരഘോഷത്തോടെയാണ് കാണികൾ ഇതിനെ വരവേറ്റത്.

അഴിമതി തൊട്ടുതീണ്ടാതെ രാജ്യത്തിന് വേണ്ടി നിർണായക പദ്ധതികൾ പൂർത്തിയാക്കിയ ഇ ശ്രീധരന് അർഹിക്കുന്ന ആദരവ് കൂടിയായി അമിത് ഷായുടെ അപ്രതീക്ഷിതമായ സ്നേഹപ്രകടനം. മെട്രോമാൻ ബിജെപിയിലെത്തിയ ശേഷം ആദ്യമായിട്ടാണ് ഇരുവരും ഒരു വേദി പങ്കിടുന്നത്. പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഇ ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് എടുത്തുപറയാനും അമിത് ഷാ മറന്നില്ല.

എഞ്ചിനീയറായും അദ്ധ്യാപകനായും സേവനം ആരംഭിച്ച് പിന്നീട് രാജ്യത്തെ നിരവധി വികസന പദ്ധതികൾ മുന്നിൽ നിന്നും നടപ്പിലാക്കിയ വ്യക്തിയാണ് ഇ ശ്രീധരനെന്ന് അമിത് ഷാ പറഞ്ഞു. വിവിധ പദ്ധതികൾ സുതാര്യമായും സമയബന്ധിതമായും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഇ ശ്രീധരനെ മെട്രോമാൻ എന്ന് വിളിക്കുന്നത് ഡൽഹി മെട്രോയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതിനാണ്. എന്നാൽ അതിലുപരി അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച മറ്റൊരു പദ്ധതിയാണ് കൊങ്കൺ റെയിൽവേയുടെ നിർമ്മാണമെന്നും അമിത് ഷാ പറഞ്ഞു.

കൊങ്കൺ റെയിൽവേയുടെ നിർമ്മാണം പൂർത്തീകരിച്ചതോടെയാണ് ദക്ഷിണേന്ത്യയുടെ പല ഭാഗങ്ങളുമായി രാജ്യത്തിന് ബന്ധം പുലർത്താൻ കഴിഞ്ഞതും അവികസിത മേഖലകളിൽ വികസനം എത്തിക്കാൻ കഴിഞ്ഞതെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി. ഈ പ്രായത്തിലും നാടിന് വേണ്ടി പ്രവർത്തിക്കാനുളള അദ്ദേഹത്തിന്റെ ഉത്സാഹവും ചുറുചുറുക്കും കാണുമ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു. നാടിന് വേണ്ടി നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയ മെട്രോമാൻ ഈ നാടിന് ആവശ്യം ഭാരതീയ ജനതാ പാർട്ടിയാണെന്ന് വിലയിരുത്തിയതിലും തിരിച്ചറിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.