ബൾഗേറിയ: യാത്രക്കാരന്റെ ഉപദ്രവം സഹിക്ക വയ്യാതെ വിമാനം അടിയന്തരമായി താഴെയിറക്കി. ബൾഗേറിയയിലെ സോഫിയ വിമാനത്താവളത്തിലാണ് വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയത്. പാരീസിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഫ്രാൻസ് വിമാനമാണ് താഴെയിറക്കിയത്.

വിമാനം പറന്നുയർന്ന ഉടൻ തന്നെ യാത്രക്കാരൻ അക്രമം തുടങ്ങിയെന്നാണ് അധികൃതർ പറയുന്നത്. ഇയാൾ മറ്റ് യാത്രക്കാരോട് തട്ടിക്കയറുകയും അവരെ ഉപദ്രവിക്കുകയും ചെയ്തുവെന്നും കോക്പിറ്റിന്റെ വാതിലിൽ പലതവണ ശക്തിയായി പ്രഹരിച്ചുവെന്നും ബൾഗേറിയൻ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി ഉദ്യോഗസ്ഥർ പറഞ്ഞു. യാത്രക്കാരന്റെ ഉപദ്രവം സഹിക്ക വയ്യാതെയായപ്പോൾ പൈലറ്റ് സോഫിയ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു.

പ്രശ്‌നമുണ്ടാക്കിയ യാത്രക്കാരന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വ്യോമ സുരക്ഷ അപകടത്തിലാക്കിയ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 10 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.