മലയാളി അല്ലാതിരുന്നിട്ടും മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടിയ ഗായികയാണ് ശ്രേയ ഘോഷാല്‍. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ തന്റെ ആലാപന ശൈലി കൊണ്ടും സ്വരമാധുര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്തിട്ടുണ്ട് താരം. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് എന്നും ആരാധകരുടെ പ്രാര്‍ത്ഥനയും സ്‌നേഹവും കൂടെ ഉണ്ടാകണം എന്നുമാണ് ശ്രേയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനോടൊപ്പം നിറവയറില്‍ തലോടി നില്‍ക്കുന്ന താരത്തിന്റെ ഒരു ചിത്രം കൂടി ആരാധകര്‍ക്കായി പങ്കുവെച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ ആരാധകരുടെ ആശംസകളും പ്രാര്‍ത്ഥനകളും നിറഞ്ഞ സന്ദേശങ്ങളും കമന്റുകളും താരത്തെ തേടിയെത്തി. രണ്ടുപേരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്ത് ശൈലാദിത്യ എന്നാണ് ശ്രേയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത് ഈ പേര് ഇപ്പോള്‍ തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. പത്തു വര്‍ഷം നീണ്ടു നിന്ന പ്രണയത്തിനൊടുവില്‍ 2015 ലാണ് എഞ്ചിനീയറായ ശൈലാദിത്യ മുഖോപാധ്യായയും ശ്രേയ ഘോഷാലും വിവാഹിതരായത്. റസിലന്റ് ടെക്നോളജീസ്, ഹിപ്മാസ്‌ക് ഡോട്ട് കോം എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ് ശൈലാദിത്യ

സ രി ഗ മ എന്ന ടെലിവിഷന്‍ പരിപാടിയി വിജയിയാകുന്നതോടെയാണ് ശ്രേയ സംഗീത രംഗത്ത് ശ്രദ്ധേയയാകുന്നത്. 2002 ല്‍ പദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന പാട്ടു പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്ത് ചുവടു വെയ്ക്കുന്നത്. ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശ്രേയ പിന്നീട് മലയാളികള്‍ക്ക് പ്രിയങ്കരിയായി. കൂടുതല്‍ ഗാനങ്ങള്‍ ബോളീവുഡ് ചലച്ചിത്ര പിന്നണിഗാന രംഗത്താണ് ആലപിച്ചിട്ടുള്ളതെങ്കിലും മലയാളം ഉള്‍പ്പെടെ ഉര്‍ദു, ആസാമീസ്, ബംഗാളി, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി മറ്റു ഭാഷകളിലും തിളങ്ങി നില്‍ക്കുകയാണ് ശ്രേയ.